Tuesday, April 15, 2025
World

ഇറാനില്‍ ‘മതപൊലീസ്’ സംവിധാനം നിര്‍ത്തലാക്കുന്നു

മതകാര്യ പൊലീസ് സംവിധാനം നിര്‍ത്തലാക്കി ഇറാന്‍. നീതിന്യായ വ്യവസ്ഥയില്‍ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. ഇറാനില്‍ മഹ്‌സ അമീനി എന്ന യുവതി മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതില്‍ രാജ്യത്ത് മാസങ്ങളായി വ്യാപക പ്രതിഷേധമായിരുന്നു. അമീനിയുടെ മരണത്തിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതപൊലീസ് സംവിധാനമായ ഗഷ്ത് -ഇ -ഇര്‍ഷാദ് നിര്‍ത്തലാക്കുന്നത്. ഇരുനൂറിലധികം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇറാനില്‍ ഇസ്ലാമിക നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ചുമതലപ്പെടുത്തിയ മത പൊലീസാണ് ഗഷ്ത്-ഇ ഇര്‍ഷാദ്. തിരക്ക് നിറഞ്ഞ തെരുവുകള്‍, ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകളില്‍ എന്നിവിടങ്ങളില്‍ നിലയുറപ്പിക്കുന്ന ഇവര്‍ മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മര്‍ദിച്ചും, പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും. പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെയാണ് ഇറാനില്‍ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതല്‍ അഞ്ച് ലക്ഷം വരെ ഇറാനിയന്‍ റിയാലും പിഴയായി നല്‍കേണ്ടി വരും. 74 ചാട്ടയടി വേറെയും.

മഹ്സ അമിനി മരണപ്പെടുന്ന 2022 സെപ്റ്റംബര്‍16 മുതലുള്ള രണ്ട് മാസക്കാലത്തിനിടെ, 19 നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലായി ഗഷ്ത്-ഇ ഇര്‍ഷാദ്, വെടിവച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയത് 233 സാധാരണക്കാരെയാണ്. ഇതില്‍ 18 വയസില്‍ താഴെയുള്ള 32 കുട്ടികളും ഉള്‍പ്പെടും. 14,000 ത്തോളം വരുന്ന ഇറാനികള്‍, ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയെന്ന ഒറ്റക്കാരണത്താല്‍ ഇന്ന് വെളിച്ചം പോലും കടക്കാത്ത ഇരുട്ടറകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *