ആഢംബര സുഗന്ധദ്രവ്യ ഭീമനേയും പിന്നിലാക്കി; ഇലോണ്‍ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും സമ്പന്നന്‍; പക്ഷേ ട്വിറ്റര്‍ ഇടിവില്‍ തന്നെ
ട്വിറ്ററില്‍ തട്ടി ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവി നഷ്ടമായ ഇലോണ്‍ മസ്‌ക് ഒന്നാംസ്ഥാനം വീണ്ടും തിരിച്ചുപിടിച്ചു. ടെസ്‌ല ഇലക്ട്രിക് കാറുകളുടെ വിപണി മൂല്യം വര്‍ധിച്ചതാണ് ഇലോണ്‍ മസ്‌കിനെ തുണച്ചത്. ഒന്നാംസ്ഥാനത്തായിരുന്ന യൂറോപ്യന്‍ സുഗന്ധദ്രവ്യങ്ങളുടെ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് മുന്നേറ്റം. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് നാലാം സ്ഥാനത്തുമാണ്.
ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിലാണ് മസ്‌കിന്റെ പേര് ഒന്നാം സ്ഥാനത്തുള്ളത്. പാരീസ് ട്രേഡിംഗില്‍ ബെര്‍നാഡിന്റെ എല്‍വിഎംഎച്ചിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിഞ്ഞതും ഒന്നാം സ്ഥാനത്തേക്കുള്ള മസ്‌കിന്റെ മടങ്ങിവരവിന് കാരണമായി. ഇലോണ്‍ മസ്‌കിന്റെ ആകെ സമ്പത്ത് ഏകദേശം 192.3 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. ബെര്‍നാഡിന്റേത് 186.6 ബില്യണ്‍ ഡോളറുമാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന പദവിയിലേക്ക് തിരികെയെത്തിയെങ്കിലും മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള ട്വിറ്ററിന്റെ വിപണി മൂല്യം ഇപ്പോഴും ഇടിവില്‍ തന്നെയാണ്. 4400 കോടി ഡോളറിന്റെ ഒരു ഡീലിലൂടെയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തിരുന്നത്. എന്നാല്‍ ട്വിറ്ററിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 1500 കോടി ഡോളര്‍ മാത്രമാണെന്നാണ് ഫിഡലിറ്റിയുടെ വിലയിരുത്തല്‍.