30 മലയാളി വിദ്യാർഥികൾ കൂടി ഇന്ന് തിരികെ എത്തി; ഇന്നലെയെത്തിയ 115 പേർ കേരളത്തിലേക്ക് തിരിച്ചു
ഓപറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി 30 മലയാളി വിദ്യാർഥികൾ കൂടി യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവർ തിരികെ എത്തിയത്. അതേസമയം ഇന്നലെ എത്തിയ 115 മലയാളി വിദ്യാർഥികൾ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.
രാവിലെ പത്ത് മണിക്കുള്ള എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് വിദ്യാർഥികൾ കേരളത്തിലേക്ക് തിരിച്ചത്. ഇന്നും നാളെയുമായി യുക്രൈനിൽ നിന്ന് 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പത്തിനുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരികെ എത്തുമെന്നാണ് വിവരം
അതേസമയം ഖാർകീവിലെ വിദ്യാർഥികൾക്ക് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ആക്രമണം രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. എല്ലാ വിദ്യാർഥികളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസിയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.