Thursday, January 9, 2025
World

വിമാനത്തിലെ ടോയ്‌ലെറ്റിൽ ചോരയിൽ കുളിച്ച് നവജാതശിശു

വിമാനത്തിലെ ടോയ്‌ലെറ്റിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൗറീഷ്യസിലെ സർ സീവൂസാഗർ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് ചോരയിൽ കുളിച്ച നിലയിൽ ചവറ്റുകുട്ടയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെന്നു സംശയിക്കുന്ന 20കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഡഗാസ്‌ക്കറിൽനിന്ന് എത്തിയ എയർ മോറീഷ്യസ് വിമാനത്തിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ പതിവ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് ടോയ്‌ലെറ്റിൽ മാലിന്യങ്ങൾ ഉപേക്ഷിക്കാന്‍ വച്ച ചവറ്റുകുട്ടയിൽ കുഞ്ഞിനെ കണ്ടത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില നല്ല നിലയിലാണ്.

കുട്ടി തന്റേതല്ലെന്നാണ് അറസ്റ്റിലായ 20കാരി തുടക്കംതൊട്ടേ പൊലീസിനോട് പറഞ്ഞത്. എന്നാൽ, മെഡിക്കൽ പരിശോധനയിൽ തൊട്ടുമുൻപ് ഇവർ പ്രസവിച്ച കാര്യം വ്യക്തമായിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ് യുവതിയുള്ളത്.

മഡഗാസ്‌ക്കറുകാരിയായ യുവതി രണ്ടുവർഷത്തെ തൊഴിൽ പെർമിറ്റിലാണ് മൗറീഷ്യസിലെത്തിയത്. ആശുപത്രി വിട്ട ശേഷം കൂടുതൽ ചോദ്യം ചെയ്ത് കേസെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *