പുടിനെ വധിക്കാൻ യുക്രൈൻ ശ്രമിച്ചു; ഗുരുതര ആരോപണവുമായി റഷ്യ
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ വധിക്കാൻ യുക്രൈൻ ശ്രമം നടത്തിയെന്ന ഗുരുതര ആരോപണവുമായി റഷ്യ. രണ്ട് യുക്രൈൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അവകാശപ്പെടുന്നു. യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാൻ സഹായിച്ചത്. രണ്ട് ഡ്രോണുകൾ തകർക്കുന്ന ദൃശ്യങ്ങളും ക്രെംലിൻ പുറത്തുവിട്ടിട്ടുണ്ട്.
യുക്രൈൻ ഡ്രോണുകൾ എത്തിയ സമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ലെന്ന് പുടിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെ വസിതിയിക്ക് നേരെ ആക്രമണം നടത്താൻ ഉദ്ദേശിച്ചാണ് ഡ്രോണുകൾ എത്തിയതെന്നും ക്രെംലിൻ ആരോപണമുന്നയിച്ചിട്ടുണ്ട്.
പ്രസിഡന്റിന് യാതൊരു പരുക്കുകളും ഇല്ലെന്നും അദ്ദേഹത്തിന്റെ പരിപാടികൾക്കോ പ്രവർത്തനങ്ങൾക്കോ മാറ്റം വരുത്തിയിട്ടില്ലെന്നും പുടിന്റെ വക്താവ് അറിയിച്ചു. മെയ് 9ന് റഷ്യയുടെ വിക്ടറി ഡേ പരിപാടികൾ നടക്കാനിരിക്കെയാണ് ആക്രമണം നടന്നെന്ന ആരോപണം റഷ്യ ഉന്നയിച്ചിരിക്കുന്നത്. പരിപാടികൾക്കൊന്നും യാതൊരു മാറ്റവും നിലവിൽ വരുത്തിയിട്ടില്ലെന്നും വിക്ടറി ഡേ പരേഡ് വിപുലമായി നടക്കുമെന്നും ക്രെംലിൻ അറിയിച്ചു.