ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു. പത്ത് കോടിയിലധികം പേർ രോഗമുക്തി നേടി.
അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5.67 ലക്ഷം പിന്നിട്ടു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊൻപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപോർട്ട് ചെയ്തത്. ഇന്നലെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3.28 ലക്ഷമായി.
ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എൺപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 4.56 ലക്ഷം കേസുകളാണ് റിപോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവിൽ 6.14 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. മരണസംഖ്യ 1.66 ലക്ഷമായി ഉയർന്നു.