രക്ഷാദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ; ഒഴിപ്പിക്കലിന് വ്യോമസേന വിമാനങ്ങളും
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷൻ ഗംഗക്ക് വേഗത കൂട്ടി കേന്ദ്രസർക്കാർ. യുക്രൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യം വേഗത്തിലാക്കുന്നത്. വ്യോമസേനയും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി
വ്യോമസേനയുടെ സി 17 വിമാനങ്ങളാണ് യുക്രൈനിലേക്ക് ഇന്ന് തിരിക്കുക. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.
രക്ഷാ ദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് പോകും. റൊമാനിയ, മാൽഡോവ അതിർത്തികളിൽ ജ്യോതിരാദിത്യ സിന്ധ്യ സന്ദർശിക്കും. കിരൺ റിജിജു സ്ലോവാക്യയിലേക്കും ഹർദീപ് സിംഗ് പുരി ഹംഗറിയിലേക്കും വി കെ സിംഗ് പോളണ്ടിലേക്കും പോകും.