മാത്യുവും മേരിയും ഇനി ദേശീയശ്രദ്ധയിലേക്ക്; കൃഷിയെ പ്രണയിക്കുന്ന വൃദ്ധദമ്പതികളെ കുറിച്ച് ട്വീറ്റ് ചെയ്ത് രാഹുല്‍ഗാന്ധി
കൽപ്പറ്റ: തൊണ്ണൂറ് കഴിഞ്ഞിട്ടും കൃഷി ചെയ്ത് ജീവിക്കുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികളുടെ നേര്‍ചിത്രം ട്വീറ്റ് ചെയ്ത് രാഹുല്‍ഗാന്ധി എം പി. കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ഈ ദമ്പതികള്‍ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഈ വയോദമ്പതികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതടക്കമുള്ള വീഡിയോയും രാഹുല്‍ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതസായന്തനത്തിലെത്തിയിട്ടും ഒരുനിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തില്‍ ചിലവഴിക്കുന്നവാണ് മാത്യുവും മേരിയും. കര്‍ഷകസമൂഹത്തിനൊന്നാകെ പ്രചോദനമാകുന്ന ഈ ദമ്പതികള്‍ക്ക് പിന്നില്‍ വയനാടിന്റെ കാര്‍ഷികസംസ്‌ക്കാരത്തിന്റെ ചരിത്രവുമുണ്ട്. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പൈസ കൊണ്ട് പുല്‍പ്പള്ളി സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം ജീവിതമാര്‍ഗം സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. സ്വന്തം കൃഷിയിടത്തില്‍ മണ്ണിനോടിണങ്ങി ജീവിച്ച പതിറ്റാണ്ടുകള്‍ തന്നെയാണ് ഇന്നും സഹായമില്ലാതെ നടക്കാനുള്ള ആര്‍ജവം നല്‍കുന്നതെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടിരുന്നത്. കപ്പ, ചേന, കാച്ചില്‍, ചേമ്പ് വിവിധതരം പച്ചക്കറികള്‍ എന്നിവയെല്ലാം ഈ വൃദ്ധദമ്പതികള്‍ നട്ട് പരിപാലിക്കുന്നു. വാര്‍ധക്യത്തിന്റെ അലോസരപ്പെടുത്തലുകളും, നേരിയ വിഷമതകളുമെല്ലാം അലട്ടുന്നുണ്ടെങ്കിലും മണ്ണിനെ പ്രണയിച്ച് അതെല്ലാം മറികടക്കുന്ന ഈ വൃദ്ധദമ്പതികള്‍ വയനാട്ടിലെ വേറിട്ട കാഴ്ചകളിലൊന്നായിരുന്നു. തങ്ങളുടെ കൃഷിയോടുള്ള ആഭിമുഖ്യവും അധ്വാനവും, ജീവിതരീതികളും തിരിച്ചറിഞ്ഞ രാഹുല്‍ഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.