വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേറ്റു
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളില്‍ വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പുകള്‍ 28, 30 തീയതികളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുതിര്‍ന്ന അംഗമായ എന്‍.സി. പ്രസാദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതിയുടെ പ്രഥമ യോഗം എന്‍.സി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് അംഗങ്ങള്‍ക്ക് കൈമാറി. എ.ഡി.എം കെ.അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വരണാധികാരിയായ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രജ്ഞിത്ത് കുമാര്‍ മുതിര്‍ന്ന അംഗമായ ജോസ് പാറപ്പുറത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരിയായ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി. ഹരിലാല്‍ മുതിര്‍ന്ന അംഗമായ എം.എ. അസ്സൈനാറിനും, പനമരം ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ നൈസി റഹ്മാന്‍ മുതിര്‍ന്ന അംഗമായ അന്നക്കുട്ടി ഉണ്ണിക്കുന്നേലിനും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ സി.എം. വിജയലക്ഷ്മി മുതിര്‍ന്ന അംഗമായ പി. ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ വരണാധികാരിയായ കോ-ഓപ്പറേറ്റീസ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ എം. സജീര്‍ മുതിര്‍ന്ന അംഗമായ സി.കെ. ശിവരാമനും, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ വരണാധികാരിയായ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ പോള്‍ മുതിര്‍ന്ന അഗമായ വത്സ ജോസിനും, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ വരണാധികാരിയായ ബി.എസ്.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്. ഷീന മുതിര്‍ന്ന അംഗമായ മാര്‍ഗരറ്റ് തോമസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.