വികസനത്തിന് ഊന്നൽ നൽകി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്
അമ്പലവയൽ: വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള 2021-22 വർഷത്തേക്കുള്ള അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 43.92 കോടി രൂപ വരവും 43.64 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ കെ ഷമീർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. അമ്പലവയൽ നിവാസികളുടെ ചിരകാലാഭിലാഷമായ ആധുനിക സൗകര്യങ്ങളോടുള്ള കമ്മ്യൂണിറ്റിഹാൾ നിർമ്മാണത്തിന് 5 കോടി രൂപ നീക്കിവെച്ചു. കാർഷിക മേഖലക്ക് 1.32 കോടി രൂപയും, ഭവന നിർമ്മാണത്തിന് 1 കോടി 30 ലക്ഷം രൂപയും, കുടിവെള്ളം 77.75 ലക്ഷം, ആരോഗ്യ ശുചിത്വം 33.75 ലക്ഷം, വയോജന പരിരക്ഷക്ക് 22 ലക്ഷം, ഭിന്നശേഷി പരിരക്ഷ പദ്ധതികൾക്ക് 13 ലക്ഷം, അടിസ്ഥാന വികസന പദ്ധതികൾക്ക് 7.90 കോടി രൂപയും ഉൾപ്പെടെയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബഡ്ജറ്റ് ചർച്ചയിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജെസ്സി ജോർജ്, ഷീജ ബാബു, ടി ബി സെനു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി വി രാജൻ, എൻ സി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.