നെന്മേനി കുത്തരി എന്ന പേരിൽ അരി വിപണിയിലിറക്കുമെന്ന് വയനാട്ടിലെ നെന്മേനിഗ്രാമപഞ്ചായത്ത്
നെന്മേനി കുത്തരി എന്ന പേരിൽ പുതിയ ബ്രാൻഡ് കുത്തരി വിപണിയിലിറക്കുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം.ഗുണമേന്മ ഉറപ്പാക്കുന്നതിനായി കർഷകർക്ക് വിത്തും വളവും നൽകും.ഉയർന്ന വിലയിൽ സംഭരിക്കുന്ന നെല്ല് നാടൻ രീതിയിൽ പുഴുങ്ങി അരിയാക്കി ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കും. ഗ്രാമ പഞ്ചായത്തിൻ്റെ മുക്കിലും മൂലയിലും എത്തുന്ന രീതിയിൽ സഞ്ചരിക്കുന്ന ആസ്പത്രി ക്രമീകരിക്കും. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ ഡോക്ടറും നഴ്സും മരുന്നുമുണ്ടാകും.എടക്കൽ ഗുഹക്ക് സമീപം സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സ്വന്തം ടൂറിസം പദ്ധതി പഞ്ചായത്ത് നടപ്പിലാക്കും.മിടുക്കരായ വിദ്യാർത്ഥികൾക്കായി സിവിൽ സർവ്വീസ്, പി എസ് സി പരിശീലനം നൽകുന്നതിനായി കരിയർ അക്കാദമി സ്ഥാപിക്കും. സ്വാശ്രയ ഗ്രാമം പദ്ധതിയിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് ഓൺലൈൻ വിപണിയിൽ വിറ്റഴിക്കും. വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം, സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി, ആസ്പത്രികളിൽ ടെലി മെഡിസിൻ സംവിധാനം എന്നിവക്കുള്ള വിഹിതവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 31,84,63159 രൂപ പ്രതീക്ഷിത വരവും 31,38,85000 രൂപ പ്രതീക്ഷിത ചിലവും 45,78,159 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ അവതരിപ്പിച്ചത്.