Thursday, October 17, 2024
Wayanad

പിടിയിലാകും മുൻപേ ആത്മഹത്യാശ്രമം; കണ്ണുവെട്ടിച്ച് പുറത്ത് വിലസിയത് മൂന്ന് മാസം: ഒടുവിൽ അറസ്റ്റും

പനമരം:നാടിനെ നടുക്കിയ മുഖംമൂടി കൊലപാതകം നടന്ന് മൂന്നുമാസങ്ങൾ പിന്നിടുമ്പോൾ മുഖംമൂടിക്ക്‌ പിന്നിലെ പ്രതിയെ വെളിപ്പെടുത്തി പൊലീസ്.സമീപവാസിയായ അർജുൻ (24) ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ഇയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഒരാഴ്ച മുൻപാണ് ചോദ്യം ചെയ്യാൻ ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ചത്.
2021 ജൂൺ പത്തിനാണ് റീട്ടയേർഡ് അധ്യാപകനായ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും ദാരുണമായി കൊല്ലപ്പെട്ടത്. മാനന്തവാടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
കൊല്ലപ്പെട്ട പത്മാവതി മരണത്തിന്‌ കീഴടങ്ങും മുമ്പ്‌ സംഭവമറിഞ്ഞ്‌ എത്തിയവരോട്‌ പറഞ്ഞ കാര്യങ്ങൾ മാത്രമാണ്‌ പൊലീസിന്‌ മുന്പിൽ ഉണ്ടായിരുന്നത്.  മുഖംമൂടിധാരികളാണ്‌ ആക്രമിച്ചതെന്ന്‌ ഇവർ പറഞ്ഞിരുന്നു. പൊലീസ്‌ നായയടക്കം സ്ഥലത്തെത്തി പ്രദേശമാകെ അരിച്ചുപെറുക്കി അന്വേഷണം നടത്തിയെങ്കിലും  ശക്തമായ തെളിവ്‌ ലഭിച്ചിരുന്നില്ല.
കൊല ചെയ്ത രീതിയും, കൊല്ലപ്പെട്ട പത്മാവതിയുടെ സ്വര്‍ണം അപഹരിക്കപ്പെടാത്തതുമെല്ലാം മോഷണ ശ്രമമല്ലെന്നുള്ള സൂചന ബാക്കിയാക്കിയിരുന്നു.
മാനന്തവാടി ഡി.വൈ.എസ്.പി,
കേണിച്ചിറ സി.ഐ., മാനന്തവാടി സി.ഐ.,പടിഞ്ഞാറത്തറ എസ്.ഐ., എന്നിവരാണ് അന്വേഷണം നടത്തിയത്. മൂന്നുമാാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്ന്  ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published.