മനുഷ്യജീവനു ഭീഷണിയായി പനമരം ചീരവയലിലെ വൈദ്യുതി ലൈനുകള്‍
പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നു. നടന്നുപോകുമ്പോള്‍ തലയില്‍ മുട്ടുന്ന വിധമാണ് പല സ്ഥലത്തും വൈദ്യുതി ലൈനുകള്‍ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി പോസ്റ്റുകൾ പലതും ചെരിഞ്ഞാണ് നില്‍ക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ, ചെരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകൾ പലതും നിലംപൊത്താന്‍ സാധ്യതയുമുണ്ട്. നിരവധി തവണ പരാതി എഴുതി പനമരം കെ.എസ്.ഇ.ബി. ഓഫീസില്‍ കൊണ്ടുപോയിക്കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. ഒരു തവണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞതല്ലാതെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നെയ്ക്കുപ്പ സി.എം. കോളജിനു സമീപത്തുനിന്നുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് ചീരവയല്‍കുന്നിലേക്ക് വൈദ്യുതി എത്തുന്നത്. നെയ്ക്കുപ്പയില്‍ നിന്നുള്ള ലൈന്‍ തോട്ടത്തിനുളളിലൂടെയാണ് ചീരവയലിലേക്ക് എത്തിച്ചിരിക്കുന്നത്. വയലില്‍ കൂടി പോകുന്ന വൈദ്യുതി ലൈനാണ് താഴ്ന്നുകിടക്കുന്നത്. ഏകദേശം 20 വര്‍ഷം മുമ്പാണ് ചീരവയല്‍കുന്നിലേക്ക് വൈദ്യുതി എത്തിയത്. അന്ന് 100 മീറ്റലധികം ദൂരത്തിലാണ് പല പോസ്റ്റുകൾ സ്ഥാപിച്ചത്. ഇതാണ് ലൈന്‍ അപകടകരമാംവിധം താഴ്ന്നുകിടക്കാന്‍ കാരണം. നിലവില്‍ കെ.എസ്.ഇ.ബി. പോസ്റ്റുകൾ സ്ഥാപിക്കുന്നത് 50 അല്ലെങ്കില്‍ 60 മീറ്റര്‍ ദൂരത്തില്‍ മാത്രമാണ്. ലൈന്‍ താഴ്‌നുകിടക്കുന്നതിനാല്‍ വയലില്‍ ജോലി ചെയ്യാന്‍ ഭയക്കുകയാണ് കര്‍ഷകര്‍. വയലില്‍ കൃഷി ചെയ്ത വാഴകള്‍ ലൈനിനേക്കാള്‍ ഒന്നര മീറ്ററോളം ഉയര്‍ന്നാണ് നില്‍ക്കുന്നത്.
ഇതുമൂലം വാഴത്തോട്ടത്തില്‍ ജോലി ചെയ്യാന്‍ ആളുകള്‍മടിക്കുന്നു. പോസ്റ്റുകൾ ചെരിഞ്ഞതിനാല്‍ രണ്ടു ലൈനുകളും ഒരേ കമുകില്‍ തട്ടി ചെരിഞ്ഞു നില്‍ക്കുന്നുണ്ട്. ഇത്, മഴ പെയ്യുന്ന സമയങ്ങളില്‍ പ്രദേശമാകെ വൈദ്യുതി പ്രവഹിക്കാനുളള സാധ്യത വര്‍ധിപ്പിക്കുന്നു. കാട്ടാന ശല്യമുള്ള പ്രദേശമാണ് ചീരവയല്‍. വയലില്‍ കൂടി ആനകള്‍ കടന്നുപോകുമ്പോള്‍ ഷേക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശവാസിയായ ഒരാളുടെ പശു വയലില്‍ വെച്ച് ഷോക്കേറ്റ് ചത്തിരുന്നു. പശുവിനെ അഴിക്കാന്‍ പോയ വീട്ടമ്മ ഭാഗ്യത്തിനാണ് രക്ഷപെട്ടത്. തോട്ടത്തിലൂടെ വൈദ്യുതി ലൈന്‍ താഴ്ന്നുകിടക്കുന്നതിനാല്‍ ചീരവയലില്‍ വൈദ്യുതി തടസം പതിവാണ്. കമുകിന്റെ പാള വീണാണ് വൈദ്യുതി തടസമേറെയും.
എല്ലാമഴക്കാലവും ചീരവയല്‍ പ്രദേശവാസികള്‍ക്ക് തലവേദനയാണ്. കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശത്ത് നാലുദിവസത്തോളം തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയിരുന്നു. തോട്ടങ്ങളിലൂടെ കടന്നുപോകുന്ന, അപകടകരമായ വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിക്ക് പ്രത്യേക പദ്ധതി ഉണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. തോട്ടങ്ങളേറെയും കാടുപിടിച്ചുകിടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് വൈദ്യുതി തകരാര്‍ കണ്ടുപിടിക്കുന്നതിനും ബുദ്ധിമുട്ടാണ്. ഇനിയും നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ മനൃഷ്യാവകാശ കമ്മീഷനും കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.