അന്താരാഷ്ട്ര വനിതാ ദിനം : വിവിധ പരിപാടികളുമായി കുടുംബശ്രീ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ചുകൊണ്ട് പെൺപക്ഷം 2021 എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 200 വായനശാലകളിൽ ലൈബ്രറി കൗൺസിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാംസ്കാരിക സദസ്സ്, ജൻഡർ അവബോധ പരിശീലനം, സംവാദം, പുസ്തക ചർച്ച, പെൺപക്ഷ ചർച്ചകൾ എന്നിവയാണ് സംഘടിപ്പിക്കുക.
512 വാർഡുകളിലെ എഡിഎസ്സും പരിപാടിയുടെ നേതൃത്വം വഹിക്കും. സാഹിത്യ ക്യാമ്പ്, ഹ്രസ്വ ചിത്ര നിർമ്മാണം എന്നിവയും സംഘടിപ്പിക്കും. സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വനിതകൾ അപേക്ഷ, വിശദമായ ബയോ ഡാറ്റ, സ്വന്തം കൃതി, എന്നിവ സിഡിഎസ്സിന്റെ ശുപാർശ സഹിതം ജില്ലാ മിഷനിൽ ലഭ്യമാക്കേണ്ടതാണ്. പെൺ പക്ഷം എന്ന വിഷയത്തിൽ പരമാവധി 10 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് നിർമ്മിക്കേണ്ടത്. വനിതകൾ തയ്യാറാക്കിയ ഹ്രസ്വചിത്രം സിഡിഎസിൻ്റെ ശുപാർശയോടൊപ്പം ജില്ലാ മിഷനിൽ മാർച്ച് 15 ന് ഉള്ളിൽ നൽകേണ്ടതാണ്.