Friday, January 10, 2025
Wayanad

സുൽത്താൻ ബത്തേരിയിൽ കാട്ടാന; നടപ്പാതയില്‍ നിന്നയാളെ തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു.

ബത്തേരി: നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി.
വയനാട് ബത്തേരി ടൗണിലാണ് സംഭവം. കാട്ടാനയാക്രമണത്തില്‍നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണു നഗരത്തിലേക്കെത്തിയത്. മെയിന്‍റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശി തമ്പിക്കെതിരെ ചീറിയടുത്തു. തമ്പിയെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു.

വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടു നടന്നില്ല.

നിസാര പരുക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി.

ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്നു. നഗരസഭാ ഓഫിസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചു.

തമിഴ്നാട്ടില്‍നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ച മുതല്‍ കാട്ടാന കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. വൈകിട്ട് കാട്ടിലേക്കു പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍.

ഇന്നലെ രാത്രി കല്ലൂര്‍ ടൗണില്‍ ഇറങ്ങിയ മറ്റൊരു കാട്ടാന സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാടിന്റെ 400 വാഴകള്‍ നശിപ്പിച്ചു. വയനാട്ടില്‍ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാനകളും കടുവകളും ജനവാസമേഖലകളിലേക്കിറങ്ങുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ബത്തേരി നഗരമധ്യത്തിലെ വീടിനു മുന്നിലെ മതില്‍ ചാടിക്കടക്കുന്ന കടുവയുടെ ദൃശ്യവും അടുത്തിടെ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *