മെറ്റയുടെ വരുമാനത്തിൽ ഇടിവ്; ഫേസ്‌ബുക്ക് നേരിടുന്നത് വൻ പ്രതിസന്ധിയോ?
വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഫേസ്‍ബുക്ക് നേരിടുന്നതെന്ന റിപ്പോർട് നേരത്തെ ടെക് ലോകത്ത് ശ്രദ്ധ നേടിയതാണ്. മെറ്റായുടെ വരുമാന റിപ്പോർട്ടിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്, വാട്സാപ് സേവനങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റായുടെ മൊത്തം വരുമാനം 2022 ജൂൺ പാദത്തിൽ 1 ശതമാനം ഇടിഞ്ഞ് 2880 കോടി ഡോളറായി കുറഞ്ഞിരുന്നു. മൂന്നാം പാദത്തിൽ അത് ഏകദേശം 2600 കോടി ഡോളറായി വരുമാനം കുറയുമെന്നും കമ്പനി പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ പാദത്തിൽ മെറ്റായുടെ മൊത്ത ലാഭവും 36 ശതമാനം ഇടിഞ്ഞ് 670 കോടി ഡോളറായി.
കോവിഡ് കാലം സക്കർബർഗിന്റെ ടെക്ക് ബിസിനസുകളെയും ബാധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ലെ രണ്ടാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1860 കോടി ഡോളർ ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ മൊത്തം വരുമാനം 2900 കോടി ഡോളറായിരുന്നു. 2020 ലും 2021 ലും വരുമാനം വർധിച്ചിരുന്നു. എന്നാൽ 2022 രണ്ടാം പാദത്തിൽ കമ്പനിക്ക് നഷ്ടമാണ് നേരിട്ടിരിക്കുന്നത്.
എന്നാൽ 2022 മൂന്നാം പാദത്തിലെ മൊത്തം വരുമാനം 2600-2850 കോടി ഡോളറായി ഉയരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് കമ്പനിയുടെ ത്രൈമാസ ഫല റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പരസ്യ വരുമാനത്തിന്റെ കാര്യത്തിൽ നേരിട്ട പ്രതിസന്ധിയും ഇടിവിന് കാരണമായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആപ്പ് ട്രാക്കിങ് നിയന്ത്രണ ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചതും പരസ്യ വിൽപനയിലെ ഇടിവിന് കാരണമാകാം. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ പരസ്യങ്ങളെ ആപ്പിളിന്റെ ട്രാക്കിങ് നിയന്ത്രണ ഫീച്ചർ കാര്യമായി ബാധിച്ചിട്ടുണ്ട്.