തട്ടിപ്പിന്റെ കെണിയൊരുക്കി ഏജൻസികൾ; മാലിദ്വീപിന്റെ വിദ്യാഭ്യാസ മേഖലയിൽ വഞ്ചിതരായത് ആയിരത്തോളം ഇന്ത്യക്കാർ
മാലിദ്വീപിലെ സേവന മേഖലയിൽ ബഹുഭൂരിപക്ഷവും തൊഴിലെടുക്കുന്നത് ഇന്ത്യാക്കാർ. ഇതിൽ തന്നെ നഴ്സുമാരായും അധ്യാപകരായും ദ്വീപിലെത്തുന്നവർ ധാരാളം. എന്നാൽ എത്തുന്ന സ്ഥലമോ ജോലിയോ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തത് മൂലം വഞ്ചിതരാകുന്നവർ ആയിരങ്ങളാണ്.
വ്യാജ റിക്രൂട്ട്മെന്റും തൊഴിൽ തട്ടിപ്പും പുതുമയല്ല മാൽദ്വീവ്സിൽ. തൊഴിൽ തേടിയെത്തി ലക്ഷങ്ങൾ വെള്ളത്തിലായവർ ധാരാളം. വലിയ റാക്കറ്റാണ് ഇതിന് പിന്നിലുള്ളത്. നാട്ടിലേക്കാൾ എളുപ്പമാണ് മാൽദ്വീവ്സിൽ ജോലി കിട്ടാനെന്ന ധാരണയിലാണ് പലരും ഇറങ്ങി പുറപ്പെടുന്നത്. ബിഎഡ്ഡോ, അധ്യാപന പരിചയമോ ഇല്ലെങ്കിലും സ്കൂളുകളിൽ പഠിപ്പിക്കാമെന്ന് ചെറുകിട റിക്രൂട്ടിംഗ് ഏജൻസികളും അറിയിക്കും.
അങ്ങനെ മാലദ്വീപ് സർക്കാർ നേരിട്ട് നടത്തുന്ന, കാര്യമായ ചിലവില്ലാത്ത പരീക്ഷയ്ക്കായി രണ്ടും മൂന്നും ലക്ഷം ഏജൻസികൾക്ക് നൽകി ദ്വീപിലെത്തും. ഇവിടെയെത്തുമ്പോഴാണ് കേട്ടതെല്ലാം കഥകളാണെന്നും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പഠിപ്പിക്കുന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവും വേണമെന്ന് വ്യക്തമാകുന്നത്. ഗുണമില്ലെന്ന് കണ്ടാൽ രണ്ടോ മൂന്നോ മാസത്തിനകം വിദ്യാഭ്യാസ മന്ത്രാലയം കരാർ റദ്ദാക്കും.
ചതിക്കപ്പെട്ടവർക്ക് സമീപിക്കാൻ ആകെയുള്ളത് ചില എൻജിഒകളും, ഹൈക്കമ്മീഷനും മാത്രമാണ്. പക്ഷേ സംഗതി അനധികൃതമായതിനാൽ അവരുടെ ഇടപെടലിനും പരിധിയുണ്ട്. വർഷം തോറും 300നടുത്ത് അധ്യാപകർ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ കുറേയധികം പേർ പുറത്താക്കപ്പെടുകയോ നിർത്തി പോകുകയോ ചെയ്യും.
ആ സ്ഥാനത്തേക്ക് വീണ്ടും അനധികൃതമായി ഏജൻസികൾ പണം വാങ്ങി പഴയപടി ആളെ എത്തിക്കും. റിക്രൂട്ട്മെന്റുകൾ നിലയ്ക്കാതിരിക്കാൻ നിർബന്ധിത പിരിച്ചുവിടലുകളും ഉണ്ടായിട്ടുണ്ട്. ഇരകൾ ധാരാളം. എല്ലാവർക്കും എല്ലാം അറിയാം. ആരൊക്കെയാണ് മാഫിയകളെന്നും, എന്താണ് ചെയ്യുന്നതെന്നും. ഫക്ഷേ തൊടാൻ പേടിക്കുമെന്ന് മാത്രം. ഫലം വഞ്ചിക്കപ്പെടുന്നവരുടെ കഥകൾ കൂടിക്കൊണ്ടേയിരിക്കുകയാണ്.