Sunday, April 13, 2025
Top News

കോവിഡ് വ്യാപനം; സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം: ഹോട്ടലുകള്‍ക്ക് നിയന്ത്രണം

മനാമ: കോവിഡ് വ്യാപനം, സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം, ഹോട്ടലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെതാണ് തീരുമാനം. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിയന്ത്രിക്കാനാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടും. ഈ വേളയില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്നാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

ഹോട്ടലുകള്‍ തുറക്കുമെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കില്ല. പാര്‍സല്‍ സര്‍വീസുണ്ടാകും. മൂന്നാഴ്ചയ്ക്ക് ശേഷം സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളും. കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കൊറോണ ആശങ്ക ബഹ്റൈനില്‍ അകന്നിട്ടില്ല. ഇന്ന് മാത്രം 459 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷമായി. മരണം 370 ആയി.

  1. അതേസമയം, കൊറോണ വാക്സിനേഷന്‍ ബഹ്റൈനില്‍ കൃത്യമായ ആസൂത്രണത്തോടെ പുരോഗമിക്കുകയാണ്. ആളോഹരി കണക്കെടുത്താല്‍ ലോകത്ത് കൊറോണ വാക്സിനേഷന്‍ വിഷയത്തില്‍ മൂന്നാം സ്ഥാനമാണ് ബഹ്റൈനുള്ളത്. ഫൈസര്‍, ബയോണ്‍ടെക്, ചൈനയുടെ വാക്സിന്‍ എന്നിവയാണ് ബഹ്റൈനില്‍ നല്‍കിവരുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് അസ്ട്രാസെനക്ക വാക്സിന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *