ഒരു രൂപക്ക് ഡാറ്റ പാക്ക്; എതിരാളികൾക്ക് മുട്ടൻ പണികൊടുത്ത് ജിയോ
ഇന്ത്യയിലെ സ്മാർട്ട് ഫോൺ കമ്പനികൾ ഡാറ്റ, വാലിഡിറ്റി പാക്കുകൾക്ക് ഒറ്റയടിക്ക് വിലകൂട്ടിയതിന്റെ അരിശത്തിലാണല്ലോ ഉപയോക്താക്കൾ. എന്നാലിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു കിടിലൻ ഡാറ്റ പാക്ക് അവതരിപ്പിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ ജിയോ. ചൊവ്വാഴ്ച രാത്രി, അറിയിപ്പുകളോ കോലാഹലങ്ങളോ ഇല്ലാതെ ജിയോ അവതരിപ്പിച്ച ഡാറ്റ പാക്കിന്റെ വില വെറും ഒരു രൂപയാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എം.ബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ലഭിക്കുക.
വരുമാനം കുറഞ്ഞ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ഒരു രൂപാ പാക്കിനെ, ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ മൊബൈൽ റീച്ചാർജ് പാക്കായാണ് ബിസിനസ് ഇൻസൈഡർ വിശേഷിപ്പിക്കുന്നത്. ജിയോ ആപ്പിൽ Recharge വിഭാഗത്തിൽ Value എന്ന ബട്ടനു കീഴിൽ Other Plans എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.