പഞ്ചാബിൽ ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി സർക്കാർ ഇന്ന് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30ന് ഭഗത് സിംഗിന്റെ ജന്മഗ്രാമമായ ഖത്കൽ കലാനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. പ്രദേശത്തെ അമ്പത് ഏക്കറിലാണ് ചടങ്ങിനുള്ള പന്തൽ ഒരുക്കിയിരിക്കുന്നത്
നാല് ലക്ഷത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷൻമാർ മഞ്ഞ തലപ്പാവും സ്ത്രീകൾ മഞ്ഞ ഷാളും അണിഞ്ഞ് എത്തണമെന്ന് ഭഗവന്ത് സിംഗ് മൻ നിർദേശിച്ചിരുന്നു.
ഡൽഹിക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനത്ത് ആംആദ്മി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പഞ്ചാബിലെ എല്ലാ ജനങ്ങളെയും ക്ഷണിക്കുന്നതായി മൻ പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി വൻ ആഘോഷപരിപാടിയാക്കി ചടങ്ങ് മാറ്റാനാണ് ഒരുക്കം.
ഭഗവന്ത് മൻ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്നാണ് ആപ് അറിയിച്ചത്. ഇതിൽ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്.