Monday, January 6, 2025
Top News

പ്രഭാത വാർത്തകൾ

 

◼️സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍. കെ റെയില്‍ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിച്ചു. എന്നാല്‍ പാതയുടെ വശങ്ങളില്‍ മതിലുണ്ടാക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

◼️കെ റെയിലിന്റെ സര്‍വേക്കല്ലു പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എഎന്‍ ഷംസീര്‍. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എം കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ നടപ്പിലാക്കാനാകില്ല. കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും മുനീര്‍ വ്യക്തമാക്കി.

◼️കെ റെയിലിനു കല്ലിട്ടാല്‍ പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശനിയാഴ്ച കെ റെയില്‍ വിരുദ്ധ ജനകീയ സദസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയോട് ഏതുകാലം മുതലാണ് പ്രതിപക്ഷത്തിനു വിയോജിപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. റെയില്‍ മന്ത്രാലയവുമായി ജോയിന്‍ വെഞ്ചര്‍ കമ്പനി രൂപീകരിക്കാന്‍ യു.ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടിരുന്നെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

◼️പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാനെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവച്ചു കൊന്നു. നാല്‍പതുകാരനായ സന്ദീപ് സിംഗിനെ ഉടനേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തുനിന്ന് സന്ദീപ് പുറത്തേക്കു വരുമ്പോള്‍ നാലു പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

◼️തിരുവല്ലം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്കു വിട്ടു. ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായിട്ടുണ്ടാകാമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

◼️ശബരിമല വിമാനത്താവളത്തിനു പാര്‍ലമെന്ററി സമിതിയുടെ അനുമതി. പദ്ധതി യഥാര്‍ഥ്യമാകേണ്ടതാണെന്ന് ഗതാഗത – ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.

◼️ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണം. ഭഗവാന്റെ പേരില്‍ വരുന്ന പണം വിശക്കുന്ന ഭക്തന് വിശപ്പു മാറ്റാന്‍ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴയില്‍ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രസംഗിച്ചത്.

◼️ദിലീപിനെതിരായ വധഗൂഡാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നു ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

◼️എച്ച്എല്‍എല്‍ ലേലത്തില്‍ കേരളം പങ്കെടുക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസി താല്‍പര്യപത്രം നല്‍കി. ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തില്‍ പങ്കെടുക്കുന്നത്.

◼️കേരളത്തില്‍ കോഴിയിറച്ചി വില 160 രൂപയായി. ഡ്രസ് ചെയ്ത ഇറച്ചിവില 250 നു മുകളിലുമെത്തി. സാധാരണ ചൂടുകാല മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പതിവ്.

◼️ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രക്തസമ്മര്‍ദം ഉയര്‍ന്നതായി കണ്ടതിനാലാണ് ആശുപത്രിയിലേക്കു മാറ്റിയത്.

◼️പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഇരുപത്തഞ്ചു കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി 25 കൊല്ലം തടവിന് ശിക്ഷിച്ചത്.

◼️പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീ. തീപിടിക്കുന്ന വാതക സാന്നിധ്യമോ ഇന്ധന ചോര്‍ച്ചയോ ആകാം കാരണം. പന്ത്രണ്ടു കിണറുകളിലാണ് ഈ പ്രതിഭാസം. കിണറിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളില്‍ വധഭീഷണി മുഴക്കിയ എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശിനെ(40) യാണ് പാലക്കാട് കസബ പോലീസ് അറസ്റ്റു ചെയ്തത്.

◼️ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച മൂന്നര വയസുകാരി പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വവിരുദ്ധമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു കുഞ്ഞിനു നീതി നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും അതിനു തയ്യാറാവാത്തവര്‍ എന്തു മനോനിലയുള്ളവരാണെന്ന് അദ്ദേഹം ചോദിച്ചു.

◼️വാളയാര്‍ വനമേഖലയില്‍ കാട്ടു തീ പടരുന്നു. വാളയാര്‍ അട്ടപ്പള്ളത്തുനിന്ന് പടര്‍ന്ന തീ മലമുകളിലേക്ക് എത്തി. വനം വകുപ്പിന്റെ 40 അംഗ സംഘം ശ്രമിച്ചിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞില്ല.

◼️ഇന്നു മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

◼️തൃശൂര്‍ ചുവന്നമണ്ണില്‍ ബീവറേജ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലയില്‍ കവര്‍ച്ച. മദ്യവും 8000 രൂപയും കവര്‍ന്നു. കടയുടെ പിന്നിലെ ഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിനു പുറത്ത് നാല് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല.

◼️കെ റെയിലിനെ പിന്തുണയ്ക്കരുതെന്ന് കാനം രാജേന്ദ്രന് സിപിഐ മുന്‍ നേതാക്കളുടെ മക്കള്‍ കത്തെഴുതി. സി അച്യുതമേനോന്‍, പി.ടി പൂന്നൂസ്, കെ. ദാമോദരന്‍, കെ. മാധവന്‍, സി ഉണ്ണിരാജ, എം.എന്‍ ഗോവിന്ദന്‍ നായര്‍, പൊടോര കുഞ്ഞിരാമന്‍ നായര്‍, കെ ഗോവിന്ദപ്പിള്ള, കാമ്പിശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍, വി വി രാഘവന്‍, പവനന്‍, പി.രവീന്ദ്രന്‍, ശര്‍മ്മാജി, തുടങ്ങിയ പതിനാറ് നേതാക്കളുടെ മക്കളാണ് കത്തു നല്‍കിയത്.

◼️കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീനിയര്‍ പിജി വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിന്‍സിപ്പലിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

◼️യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയക്കായുള്ള ഹര്‍ജിയില്‍ കേന്ദ്രം ഇന്ന് നിലപാടറിയിക്കും. ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസില്‍ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ പിന്തുണച്ചു.

◼️കേരളത്തില്‍ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. റോയ് ചാലി അന്തരിച്ചു. 85 വയസായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായിരുന്നു.

◼️തൃശൂര്‍ ചക്കപ്പാറ വനത്തില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. കൊഴുക്കുള്ളി സ്വദേശി രമണി (62) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

◼️ജോലി തേടി സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ മലയാളി നിര്യാതനായി. കല്ലമ്പലം വെള്ളൂര്‍കോണം മരുതിക്കുന്ന് അനീസ മന്‍സില്‍ അസീമുദ്ദീന്‍ ബഷീര്‍ (41) ആണ് മരിച്ചത്.

◼️മലപ്പുറം കരുവാരകുണ്ട് മേഖലയില്‍ നാട്ടുകാരും വനപാലകരും നോക്കി നില്‍ക്കെ കടുവകള്‍ ആടിനെ പിടികൂടി ഭക്ഷിച്ചു. വട്ടമല തോരക്കാടന്‍ അലവിയുടെ മേയാന്‍ വിട്ട ആടിനെയാണ് കടുവകള്‍ പിടികൂടിയത്.

◼️പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയെന്നാണ് തരൂര്‍ മോദിയെ വിശേഷിപ്പിച്ചത്. അതേസമയം നമ്മുടെ രാജ്യത്തെ വര്‍ഗീയവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ മോദി സമൂഹത്തിലേക്ക് അഴിച്ചുവിട്ടുവെന്നും അത് നിര്‍ഭാഗ്യകരമാണെന്നും തരൂര്‍ വിമര്‍ശിക്കുകയും ചെയ്തു.

◼️വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃതലത്തില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനു കാരണക്കാര്‍ നാറ്റോയാണെന്നും റഷ്യ യുദ്ധത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◼️ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം ഉടന്‍. പുതിയ റോക്കറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം മേയ് മാസത്തില്‍ ഉണ്ടാകും.

◼️മുന്ദ്ര തുറമുഖത്തുനിന്ന് 2988.21 കിലോ മയക്കുമരുന്നു പിടികൂടിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പതിനാറു പേരാണ് പ്രതികള്‍. തമിഴ്നാട് സ്വദേശികളായ എം സുധാകര്‍, ഗോവിന്ദരാജു, രാജ്കുമാര്‍ പെരുമാള്‍, യുപി സ്വദേശി പ്രദീപ് കുമാര്‍ എന്നിവരും അഫ്ഗാന്‍ സ്വദേശികളായ ആറുപേരുമാണ് പിടിയിലായത്. അഫ്ഗാന്‍ സ്വദേശികളായ ആറു പ്രതികള്‍ ഒളിവിലാണ്.

◼️ടാറ്റ സണ്‍സ് മേധാവി എന്‍. ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിച്ചു.

◼️അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം. കൊക്കക്കോള, ഐബിഎം, മക്ഡൊണാള്‍ഡ്, കെഎഫ്സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ.

◼️യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത അമേരിക്കയുടെ നുണപ്രചാരണമാണെന്ന് റഷ്യ. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

◼️ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ഏപ്രില്‍ മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകളിലെത്തണമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി അറിയിച്ചു.

◼️അമേരിക്കയില്‍ ഒട്ടകത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൃഗശാലയില്‍നിന്നും രക്ഷപ്പെട്ടോടുന്നതിനിടെയാണ് ഒട്ടകം മുന്നില്‍ കണ്ടവരെ ആക്രമിച്ചത്. ടെന്നസിയിലെ ഒബിയോന്‍ കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ള ഷെര്‍ലി ഫാംസ് എന്ന വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള സ്വകാര്യ മൃഗശാലയില്‍നിന്നാണ് ഒട്ടകം രക്ഷപ്പെട്ടത്.

◼️ജിദ്ദയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 120 ലേബര്‍ ക്യാമ്പുകള്‍ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. അധികൃതര്‍ നടത്തിയ പരിശോധക്കിടയിലാണ് ഇത്രയും താമസസ്ഥലങ്ങള്‍ അടച്ചുപൂട്ടിയത്.

◼️സൗദി അറേബ്യയിലെ നഗരങ്ങളില്‍ പൊതു ടാക്സി ചാര്‍ജ് വര്‍ധിപ്പിച്ചു. കുറഞ്ഞ ചാര്‍ജ് 10 റിയാല്‍ ആയിരിക്കും. നേരത്തെ ഇത് അഞ്ച് റിയാലായിരുന്നു. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനുള്ള ചാര്‍ജ് 1.8 റിയാലില്‍നിന്ന് 2.1 റിയാലായി ഉയര്‍ത്തി. ടാക്സി സര്‍വിസ് ചാര്‍ജ് 16.36 ശതമാനം ഉയര്‍ത്തിയപ്പോള്‍ ‘ഓപ്പണിങ്’ ചാര്‍ജ് 5.5 റിയാലിന് പകരം 6.4 റിയാലായി വര്‍ധിപ്പിച്ചു.

◼️ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ 238 റണ്‍സിന് കീഴടക്കി ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 208 റണ്‍സിന് ഓള്‍ ഔട്ടായി. 107 റണ്‍സുമായി ക്യാപ്റ്റന്‍ കരുണരത്നെയും അര്‍ധസെഞ്ചുറിയുമായി കുശാല്‍ മെന്‍ഡിസും ലങ്കക്കായി പൊരുതിയെങ്കിലും നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രക്കും മുന്നില്‍ ലങ്കയുടെ മറ്റ് ബാറ്റര്‍മാരെല്ലാം പൊരുതാതെ മുട്ടുമടക്കി.

◼️കേരളത്തില്‍ ഇന്നലെ 18,467 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 7,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,046 കോവിഡ് രോഗികള്‍. നിലവില്‍ 33,099 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.05 കോടി കോവിഡ് രോഗികളുണ്ട്.

◼️2021-22 മൂന്നാം പാദത്തില്‍ മികച്ച വരുമാനവും ലാഭവും നേടിയ പ്രമുഖ പൊതുമേഖലാ പ്രകൃതി വാതക ഉല്‍പ്പാദക കമ്പനിയായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് ഇടക്കാല ലാഭ വിഹിതമായി 50 ശതമാനം പ്രഖ്യാപിച്ചു (ഒരു ഓഹരിക്ക് 5 രൂപ). മാര്‍ച്ചില്‍ കമ്പനിയുടെ മൊത്തം ലാഭ വിഹിതം 2220.19 കോടി രൂപയിലെത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ ഇടക്കാല ലാഭ വിഹിതമായ ഒരു ഓഹരിക്ക് 4 രൂപ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇടക്കാല ലാഭ വിഹിതം ചേര്‍ക്കുമ്പോള്‍ മൊത്തം ലാഭവിഹിതം റെക്കോര്‍ഡ് 90 ശതമാനം.

◼️പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 13 ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയായ 2,150 രൂപയില്‍ നിന്ന് 69 ശതമാനമാണ് തകര്‍ച്ച നേരിട്ടത്. 2021 നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. നിലവിലുള്ള ഉപഭോക്താക്കളെ ആര്‍ബിഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. പേടിഎം യുപിഐ, വാലറ്റ്, ഫാസ്ടാഗ് അക്കൗണ്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാവും.

◼️ജോജു ജോര്‍ജ് ചിത്രം ‘ആരോ’യിലെ ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടു. കരീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീമിന്റേതാണ് കഥയും. ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ സിതാര കൃഷ്ണകുമാറാണ് ‘ആരോയി’ലെ ഗാനം ആലപിച്ചിരിക്കുന്നത്. ‘കണ്ണാ നീ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. അനുമോള്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ശിജവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ‘ആരോ’യിലുണ്ട്.

◼️ബോളിവുഡിലെ പുതിയ ട്രെന്‍ഡ് സെറ്റര്‍ ആവുകയാണ് ഒരു ചെറിയ ചിത്രം. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലെത്തിയ ദ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രമാണ് ബോക്സ് ഓഫീസിലെ പ്രകടനത്തില്‍ ട്രേഡ് അനലിസ്റ്റുകളെപ്പോലും അമ്പരപ്പിച്ച് മുന്നോട്ടുപോകുന്നത്. 630 സ്‌ക്രീനുകളില്‍ മാത്രമാണ് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യപ്പെട്ടത്. നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടി. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കശ്മീരില്‍ കലാപം അതിരൂക്ഷമായി മാറിയ 1990-ല്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.

◼️2021 ഡിസംബറില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതു മുതല്‍, രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഫെബ്രുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളും ചെറുകിട വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്ന മൊത്തം 1,68,180 യൂണിറ്റുകള്‍ നിര്‍മ്മിച്ചു. 2022 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സംഖ്യകള്‍ നാല് ശതമാനത്തിലധികം കൂടുതലാണ. മിനി, കോംപാക്ട് ഉപവിഭാഗത്തിന് കീഴില്‍ 1,19,304 വാഹനങ്ങളാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നിര്‍മ്മിച്ചത്. മിഡ്-സൈസ് സെഗ്മെന്റിലേക്ക് വരുമ്പോള്‍, സിയസിന്റെ മൊത്തം 1,943 യൂണിറ്റുകള്‍ നിര്‍മ്മിച്ചു. ഈ മാസം ഉല്‍പ്പാദിപ്പിച്ച യാത്രാ വാഹനങ്ങളുടെ എണ്ണം 1,65,783 യൂണിറ്റുകളാണ്.

◼️”ഒരു ദിവസം മേക്കപ്പ് മുറിയിലേക്ക് നടന്‍ സത്യന്‍ വന്നപ്പോള്‍ കയ്യില്‍ ഒരു പുസ്തകവുമുണ്ടായിരുന്നു. അത് നേര്‍ക്കു നീട്ടി പറഞ്ഞു, ഇത് നല്ലൊരു കഥയാണ്. ഇതിന് ഒരു തിരക്കഥ താന്‍ തന്നെ എഴുതി സംവിധാനം ചെയ്യൂ… ഞാന്‍ സ്തബ്ധനായി നിന്നുപോയി. ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നതേയില്ല. എന്താണ് ആലോചിക്കുന്നത്, തനിക്കു കഴിയും, സത്യന്‍ പറഞ്ഞു. ആരാണ് പ്രൊഡ്യൂസര്‍, ഞാന്‍ ചോദിച്ചു. മറ്റാരുമല്ല, ഞാന്‍ തന്നെ എന്നു പറഞ്ഞ് ആ പുസ്തകം സത്യന്‍ എനിക്കു തന്നു- ഹരിഹരന്‍. ”. ഭാസി മലാപ്പറമ്പിന്റെ ‘മനസ്സുകള്‍ സാഗരങ്ങള്‍’. പ്രണയത്തിന്റെയും മനസ്സിന്റെയും ആഴങ്ങളെ തൊട്ടറിയുന്ന നോവലിന്റെ പുതിയ പതിപ്പ്. മാതൃഭൂമി. വില 192 രൂപ.

◼️ശരിയായ മുന്‍കരുതല്‍ എടുത്തും ഭക്ഷണം ശ്രദ്ധിച്ചുമക്കെ വേണം വേനല്‍ക്കാലത്തെ നേരിടാന്‍. വളരെയധികം ഭക്ഷണം കഴിക്കുന്നതിന് പകരം ഉച്ചഭക്ഷണവും അത്താഴവുമൊക്കെ ലൈറ്റാക്കാം. ഒരുപാട് നാരുകള്‍ അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കണം. പെട്ടെന്ന് ദഹിക്കുന്നവയാണ് ചൂടുകാലത്ത് ഏറ്റവും ഉത്തമം. പപ്പായ, മുന്തിരി, ആപ്രിക്കോട്ട്, ഉള്ളി, ചീര, ബീന്‍സ്, നട്ട്‌സ്, ഇറച്ചി എന്നിവയില്‍ ചൂട് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഒഴിവാക്കുന്നത് ഗുണം ചെയ്യും. ഇതിനുപകരം ആപ്പിള്‍, സ്‌ട്രോബറി, വെള്ളരിക്ക, ബ്രൊക്കോളി, തൈര്, മോരുംവെള്ളം എന്നിവ ഉപയോഗിക്കാം. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ഉപ്പും മറ്റു മിനറലുകളും കരിക്കിന്‍ വെള്ളം, വാട്ടര്‍മെലണ്‍, മസ്‌ക്‌മെലണ്‍ എന്നിവകൊണ്ട് തിരിച്ചുപിടിക്കാം. ഇവ നിങ്ങളുടെ ശരീരത്തിലേക്ക് ധാരാളം വെള്ളം നല്‍കും. സൂര്യാഘാതവും ഡീഹൈഡ്രേഷനും വളരെ ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കുന്നതാണ്. എല്ലാ ഒരു മണിക്കൂര്‍ കൂടുമ്പോഴും വെള്ളം കുടിക്കുന്നുണ്ടെന്നും ദിവസവും രണ്ട്-മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. കഠിനമായ ചൂടില്‍ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ വെയില്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ചില പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ശരീരത്തിലെ വൈറ്റമിന്‍ ഡി നിര്‍മ്മാണം കുറയും. അതുകൊണ്ട് ഇടയ്ക്കിടെ ബി12, ഡി3 ലെവര്‍ പരിശോധിച്ചുകൊണ്ടിരിക്കണം. ആഹാരവും വ്യായാമവും മാത്രമല്ല ഇറക്കവും പ്രധാനമാണ്. അതുകൊണ്ട് എല്ലാ ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പാക്കണം.

*ശുഭദിനം*

ഒരിക്കല്‍ ഗുരു ഒരു ഗ്രാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുളള ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളിലും നാം കൃതജ്ഞതയുള്ളവരായിരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. പ്രഭാഷണത്തിന് ശേഷം ആശ്രമത്തിലെത്തിയ അദ്ദേഹത്തെ കാണാന്‍ ഒരാള്‍ വന്നു. ഇന്ന് ഗുരു നടത്തിയ പ്രഭാഷണത്തിലെ വിഷയത്തെക്കുറിച്ചായിരുന്നു അയാള്‍ക്ക് സംസാരിക്കാന്‍ ഉണ്ടായിരുന്നത്. ഗുരു പറഞ്ഞതുപോലെ ദൈവത്തിനോട് നന്ദി പറയത്തക്കതായി ഒന്നുംതന്നെ തന്റെ ജീവിതത്തില്‍ ഇല്ലെന്ന് ്അയാള്‍ പറഞ്ഞു. പിറ്റെദിവസം ആശ്രമത്തിലേക്ക് വരുവാന്‍ ഗുരു അയാളോട് ആവശ്യപ്പെട്ടു. ഗുരു പറഞ്ഞത് പോലെ അയാള്‍ പിറ്റെ ദിവസം എത്തി. അന്ന് ഒരു ദിവസം മുഴുവനും തന്നോടൊപ്പം ചിലവഴിക്കാന്‍ ഗുരു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതം അറിയിച്ചു. അന്ന് ഗുരു രാവിലെ തന്നെ ഗ്രാമത്തിലുള്ള ഓരോരുത്തരേയും കാണുവാന്‍ പുറപ്പെട്ടു. കൂടെ അയാളും. ആദ്യം അവര്‍ പോയത് ഗ്രാമത്തിലെ ആശുപത്രിയില്‍ ആയിരുന്നു. അവിടെ ശരീരമാസകലം പൊള്ളലേറ്റ് അനങ്ങാന്‍ പോലും ആകാത്ത ഒരു സ്ത്രീയെ അവര്‍ കണ്ടു. അവരുടെ കണ്ണുകള്‍ നഷ്ടമായിരുന്നു. മുഖം പൊള്ളി ആകെ വികൃതമായിരുന്നു. അവരെ ആശ്വസിപ്പിച്ച് ഗുരു മറ്റൊരാളെ കാണാന്‍ എത്തി. നീണ്ടനാളത്തെ കാത്തിരിപ്പിന്‌ശേഷം ലഭിച്ച കുഞ്ഞ് മരിച്ച ദമ്പതികളായിരുന്നു അവര്‍. അവരുടെ സങ്കടത്തിന്റെ കേള്‍വിക്കാരനായി ഗുരുവും അയാളും മാറി. പിന്നീട് അവര്‍ ചെന്നത് ഒരു വൃദ്ധസദനത്തിലേക്കായിരുന്നു. അവിടെ കണ്ട കാഴചകള്‍ വേദനാജനകമായിരുന്നു. പലര്‍ക്കും കാഴ്ചയില്ല, കേള്‍വിശക്തിയില്ല, ഒന്ന് നടക്കാന്‍ പോലും ആകാതെ കിടപ്പിലായിപ്പോയ പലരും അവിടെയുണ്ടായിരുന്നു. പിന്നീട് അനാഥരായ കുഞ്ഞുമക്കളുടെ അടുത്തേക്ക് ഗുരു അയാളെ കൂട്ടിക്കൊണ്ടുപോയി. അവരുമായി ഗുരു സംസാരിക്കുന്നത് അയാള്‍ കേട്ടുകൊണ്ടിരുന്നു. പിന്നീട് അന്നുമുഴുവന്‍ അയാള്‍ നിശ്ശബ്ദനായിരുന്നു. ആശ്രമത്തിലെത്തിയപ്പോള്‍ അയാള്‍ ഗുരുവിനോട് പറഞ്ഞു. എന്നില്‍ എന്തെല്ലാം ഉണ്ടെന്നും ഞാന്‍ എത്ര ഭാഗ്യവാനാണെന്നും എനിക്ക് മനസ്സിലായി. തനിക്ക് ലഭിച്ച സമ്പാദ്യങ്ങളില്‍ അയാള്‍ ഏറെ സന്തുഷ്ടനായി. നമുക്കിടയിലും ഇങ്ങനെ പലരേയും നമുക്ക് കണ്ടെത്താനാകും. എല്ലാവരും നമുക്കുള്ള പരിമിതികളേയും അസൗകര്യങ്ങളേയും കുറിച്ച് ചിന്തിച്ചാണ് അസ്വസ്ഥരാകാറുള്ളത്. നമുക്കുള്ള നേട്ടങ്ങളെയും അനുഗ്രഹങ്ങളേയും ആരും കണാറില്ല. നമ്മിലെ നമ്മെ തന്നെ എപ്പോള്‍ മുതല്‍ കണ്ടെത്തുന്നുവോ.. നമ്മുടെ ഹീറോ നാം തന്നെയായി മാറുക തന്നെ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *