പ്രഭാത വാർത്തകൾ
🔳ഞായറാഴ്ചകളിലെ ലോക് ഡൗണിനു സമാനമായ നിയന്ത്രണം പിന്‍വലിച്ചു. സ്‌കൂളുകളില്‍ ഫെബ്രുവരി 28 മുതല്‍ വൈകുന്നേരംവരെ ക്ലാസുകള്‍ നടത്തണം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ വിശേഷങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം പുറത്തിറക്കും.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുക്കലാണു പ്രധാന കടമ്പയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആര്‍ തയാറാക്കാനും സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനുമാണ് അനുമതി നല്‍കിയത്. വായ്പാ ബാധ്യതകൂടി പരിശോധിച്ചേ അനുമതി നല്‍കൂവെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.
🔳കാറിന്റെ എല്ലാ സീറ്റിലുമുള്ള യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന നിയമം കേന്ദ്രം നിര്‍ബന്ധമാക്കുന്നു. ഡ്രൈവറും മുന്നിലെ സീറ്റിലുള്ള യാത്രക്കാരനും മാത്രമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നത്. അപകടങ്ങളില്‍ പിന്‍സീറ്റിലുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനാണ് എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.
🔳സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ വിളിച്ചു വരുത്തിയ യുവതിയെ മൊഴിയെടുക്കാതെ രണ്ടു മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയെന്നു യുവതിയുടെ അഭിഭാഷക ആരോപിച്ചു. പൊലീസിന്റെ ഇത്തരം മോശം സമീപനമാണ് സ്ത്രീകളെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. പത്തു കൊല്ലം മുമ്പ് കൊച്ചിയിലെ ഒരു വീട്ടില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി.
🔳മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാന്‍ നേവിയുടെയും കരസേനയുടേയും ശ്രമം. ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് ചെറാട് സ്വദേശി ബാബു കുടുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനുസരിച്ച് സൈനിക വിഭാഗങ്ങളിലെ വിദഗ്ധര്‍ അര്‍ധരാത്രിയോടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര ദുരന്തനിവാരണ സേനയുമുണ്ട്. കാലില്‍ പരിക്കുള്ള യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷിക്കാനുള്ള ശ്രമം അതിശക്തമായ കാറ്റുമൂലം പരാജയപ്പെട്ടു. രണ്ടു ദിവസംമുമ്പ് രണ്ടു സുഹൃത്തുക്കളുമൊന്നിച്ചാണു മല കയറിയത്. മലയിറങ്ങുന്നതിനിടെ പാറയിടുക്കിലേക്കു യുവാവ് വീണു. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
🔳പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കാമുകീകാമുകന്മാരായ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ്. പത്തനംതിട്ട സ്വദേശികളായ അജി (46), കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. പീഡിപ്പിച്ച അജി 75,000 രൂപയും കൂട്ടുനിന്ന സ്മിത 25,000 രൂപയും പിഴയടക്കണം. 2017 ലാണ് കേസിനാസ്പദമായ സംഭവം.
🔳കൊവിഡ് മരണകണക്കില്‍ ഇരട്ടിപ്പുണ്ടായെന്നു ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറിയുടെ മെമ്മോ. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് പൂഴ്ത്തിവച്ച മരണ കണക്കുകള്‍ ഒറ്റയടിക്ക് കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നപ്പോള്‍ ആരോഗ്യ വകുപ്പു സെക്രട്ടറിയുടെ ഓഫിസിനടക്കം ഉണ്ടായ പിഴവിനാണ് ഡിഎംഒമാര്‍ക്കു നോട്ടീസ് ലഭിച്ചത്.
🔳കൊവിഡ് ഡ്യൂട്ടിക്കു ഹാജരാകാത്തതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ജി.എല്‍ പ്രവീണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.
🔳ശമ്പളം നല്‍കാന്‍ പ്രയാസപ്പെടുന്ന കെഎസ്ആര്‍ടിസിയില്‍ 45 വയസുകഴിഞ്ഞ ജീവനക്കാര്‍ക്ക് അഞ്ചു വര്‍ഷംവരെ പകുതി ശമ്പളത്തോടെ അവധി നല്‍കുന്നു. കണ്ടക്ടര്‍, മെക്കാനിക്ക് വിഭാഗം ജീവനക്കാര്‍ക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം.
🔳സ്ഥലം വാങ്ങിയതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്സോ കേസില്‍ കുടുക്കിയ എഴുപതുകാരനെ അഞ്ചു വര്‍ഷത്തിനുശേഷം കോടതി വെറുതേവിട്ടു. കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി കൊയ്യൂക്കണ്ടിയില്‍ ബാലനെയാണ് വെറുതേ വിട്ടത്. അമ്പതു ദിവസത്തോളം ജയിലില്‍ കിടന്നു. 2017 ലാണു കേസിനാസ്പദമായ സംഭവം. ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചെന്ന കള്ളക്കേസിലാണ് പോലീസുകാരന്‍ ബാലനെ കുടുക്കിയത്.
🔳കോട്ടയം കുമരകത്ത് പൊലീസ് പിന്തുടര്‍ന്ന യുവാവിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഐ ജിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷിക്കണം. മരിച്ച ജിജോ ആന്റണിയുടെ പിതാവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
🔳ചിന്നക്കനാലില്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ വനംവകുപ്പിന്റെ നീക്കം. ഒഴിഞ്ഞുപോകുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് വനംവകുപ്പിന്റെ വാഗ്ദാനം. ആദിവാസികള്‍ക്കു താമസിക്കാന്‍ നല്‍കിയ ഭൂമിയാണ് മൂന്നൂറ്റൊന്ന് കോളനി. ആനശല്യമുള്ള മേഖലയായതിനാല്‍ ആദിവാസികള്‍ സ്ഥലമുപേക്ഷിച്ചു. മറ്റുള്ളവരെകൂടി ഒഴിപ്പിച്ച് ഇവിടെ ആനപ്പാര്‍ക്ക് പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ വനംവകുപ്പ് പറയുന്നത്.
🔳ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ പരപ്പനങ്ങാടിയിലെ വസതിയില്‍ അന്തരിച്ചു. 89 വയസായിരുന്നു. മലബാര്‍ കലാപം അടക്കമുള്ള പല വിഷയങ്ങളിലും ശരിയായ ചരിത്രാവബോധം പകര്‍ന്ന ചരിത്രകാരനായിരുന്നു.
🔳ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 52 വിക്ഷേപണം ഫെബ്രുവരി 14 ന് രാവിലെ 5.59 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. ഇതിനു പുറമേ രണ്ട് ചെറു ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി സി 52 ബഹിരാകാശത്ത് എത്തിക്കും.
🔳ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ഇന്ത്യ ന്യൂസ് -ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേ. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിക്കും.
🔳കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ പ്രതിഷേധസമരങ്ങള്‍ അക്രമാസക്തമായി. ഹൈസ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്നു ദിവസത്തേക്ക് അവധി നല്‍കി. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
🔳അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികരും മരിച്ചെന്നു സേന സ്ഥിരീകരിച്ചു. ഞായറാഴ്ച പട്രോളിംഗിനിടെ കെമങ് മേഖലയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ലിഫ്റ്റ് സംവിധാനം സജ്ജമാക്കിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. ഇന്നലെ ഏഴു സൈനികരുടേയും മൃതദേഹം കണ്ടെത്തി.
🔳ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. നാളെയാണ് അദ്യഘട്ട വോട്ടെടുപ്പ്. യുപിയില്‍ കര്‍ഷകരെ വശത്താക്കാന്‍ വന്‍വാഗ്ദാനങ്ങളുമായി ബിജെപിയും സമാജ് വാദി പാര്‍ട്ടിയും പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.
🔳അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായി വര്‍ധിച്ചെങ്കിലും ആഭ്യന്തരവിപണിയില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാലാണ് വില വര്‍ധന തടഞ്ഞിരിക്കുന്നത്.
🔳മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരില്‍ കോണ്‍ഗ്രസും. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന എംഡിഎ സര്‍ക്കാറിലാണ് അഞ്ചംഗങ്ങളുള്ള കോണ്‍ഗ്രസ് അംഗമായത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയെ കണ്ട് പിന്തുണ അറിയിച്ചുള്ള കത്തു നല്‍കി.
🔳കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളുടെ പിടിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍. അവര്‍ കുടുംബവാഴ്ചയും അഴിമതിയും വളര്‍ത്തിയെന്നും മോദി കുറ്റപ്പെടുത്തി.
🔳ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 147.5 ലക്ഷം കോടി രൂപ ആകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 135.6 ലക്ഷം കോടി ആയിരുന്നു. രാജ്യത്ത് ദാരിദ്ര്യ രേഖ്ക്ക് താഴെയുള്ളവര്‍ 2011-12 കാലത്ത് 27 കോടിയായിരുന്നു. അതിനുശേഷം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ കണക്ക് എടുത്തിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
🔳അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഗൗതം അദാനി ഒന്നാമതെത്തി. ബ്ലൂംബര്‍ഗ് അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തു പേരില്‍ ഗൗതം അദാനി ഇടംനേടി. ഗൗതം അദാനിക്കിപ്പോള്‍ 8,850 കോടി ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. അദാനിയും അംബാനിയും തമ്മില്‍ 60 കോടി ഡോളറിന്റെ വ്യത്യാസമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1200 കോടി ഡോളറിന്റെ വളര്‍ച്ചയാണ് അദാനി നേടിയത്.
🔳നേപ്പാളിന്റെ അതിര്‍ത്തി ഗ്രാമം ചൈന പിടിച്ചെടുത്തു. നേപ്പാളിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഹുംല മേഖലയിലാണു ചൈനയുടെ കൈയേറ്റം. നേപ്പാള്‍ സര്‍ക്കാരിന്റെ പൊലീസ് ഉദ്യോഗസ്ഥരും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം സ്ഥിരീകരിച്ചു. അതിര്‍ത്തി ഗ്രാമമായ ലാലുങ്‌ജോംഗ് ചൈനയുടെ നിയന്ത്രണത്തിലാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും വിശുദ്ധമായി കരുതുന്ന കൈലാസ പര്‍വതത്തിനടുത്ത ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുറത്തുള്ളവര്‍ക്കു ചൈന വിലക്ക് ഏര്‍പ്പെടുത്തി. ചൈനഅനധികൃത മതില്‍ പണിതിട്ടുണ്ട്. കനാലും റോഡും നിര്‍മിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലും ചൈനയിലും കമ്യൂണിസ്റ്റു പാര്‍ട്ടി ഭരണമാണ്.
🔳ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗം മേധാവി സാനാവുള്ള ഗഫാരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് നടത്തിയ സ്ഫോടന പരമ്പരയുടെ ഉത്തരവാദികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചു. സ്ഫോടനങ്ങളില്‍ 13 യുഎസ് സൈനികരടക്കം 183 പേരാണു കൊല്ലപ്പെട്ടത്.
🔳പാര്‍ലമെന്റില്‍ ജീവനക്കാരി ബലാല്‍സംഗം ചെയ്യപ്പെട്ടതിന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പാര്‍ലമെന്റില്‍ പരസ്യമായി മാപ്പു പറഞ്ഞു. 2019 ലാണ് ബ്രിട്ടാനി ഹിഗിന്‍സ് എന്ന ജീവനക്കാരി മേലുദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തെന്നു പരാതിപ്പെട്ടത്. പ്രക്ഷോഭങ്ങളെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് വനിതാ ജീവനക്കാരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി കണ്ടെത്തി. സര്‍ക്കാര്‍ മാപ്പു പറയണമെന്നും റിപ്പോര്‍ട്ടു ശിപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി മാപ്പുപറഞ്ഞത്.
🔳ഐഎസ്എല്ലില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു എടികെയുടെ ജയം. തോറ്റെങ്കിലും 15 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുമായി ഹൈദരാബാദ് തന്നെയാണ് ലീഗില്‍ ഒന്നാമത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി എടികെ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
🔳രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും സച്ചിന്‍ ബേബി ടീമിനെ നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ടീമില്‍ ഇടം നേടി.
🔳കേരളത്തില്‍ ഇന്നലെ 95,508 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ച 796 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 59,939 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,83,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍: എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340.
🔳രാജ്യത്ത് ഇന്നലെ 67,505 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 6,107, കര്‍ണാടക- 4,452, തമിഴ്നാട്- 4,519.
🔳ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40 കോടി കവിഞ്ഞു. ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനു താഴെ. ബ്രസീല്‍ – 1,71,483, ഇംഗ്ലണ്ട് – 66,183, റഷ്യ- 1,65,643, തുര്‍ക്കി – 1,11,096, ഇറ്റലി- 1,01,864, ജര്‍മനി-2,12,724, ജപ്പാന്‍ – 71,708. നിലവില്‍ 7.44 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,734 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2140, ഇന്ത്യ – 1,230, ബ്രസീല്‍ – 1090, റഷ്യ- 698. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.80 ലക്ഷമായി.
🔳യൂണീകോണ്‍ പട്ടികയില്‍ ഇടം നേടി ഹോം ഇന്റീരിയര്‍ ഡിസൈന്‍ സേവനങ്ങള്‍ നല്‍കുന്ന ലിവ്സ്പെയ്സ്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണീകോണെന്ന് വിശേഷിപ്പിക്കുക. എറ്റവും പുതിയ ഫണ്ടിങ്ങില്‍ 180 മില്യണ്‍ സമാഹരിച്ചതോടെ ലിവ്സ്പെയ്സിന്റെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടന്നു. ഇതുവരെ 450 മില്യണ്‍ ഡോളറാണ് വിവിധ ഘട്ടങ്ങളിലൂടെ കമ്പനി സമാഹരിച്ചത്. 2022ല്‍ രാജ്യത്ത് യുണീകോണ്‍ പട്ടികയില്‍ ഇടം പിടിക്കുന്ന ഏഴാമത്തെ സ്റ്റാര്‍ട്ടപ്പ് ആണ് ലിവ്സ്പെയ്സ്. നിലവില്‍ രാജ്യത്ത് 86 യുണികോണ്‍ കമ്പനികളാണ് ഉള്ളത്.
🔳ടെലികോം ഗിയര്‍ കമ്പനിയായ ഹുവാവെ ഭാരതി എയര്‍ടെല്ലില്‍ നിന്നും 150 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. ഭാരതി എയര്‍ടെല്ലിന്റെ ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്കിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള ഓര്‍ഡര്‍ ആണ് നേടിയത്. നെറ്റ്വര്‍ക്കിലെ തകരാറുകള്‍ പരിഹരിക്കാന്‍ ഹുവാവെ സാങ്കേതിക ടീമുമായി ടെലികോം കമ്പനി നിരന്തരം പരിശ്രമങ്ങള്‍ നടത്തുകയാണ്. ഹുവാവെയും എയര്‍ടെല്ലും തമ്മിലുള്ള നിലവിലുള്ള കരാറിന്റെ ഭാഗമാണ് ഈ ഓര്‍ഡര്‍. ജിയോയുമായുള്ള കടുത്ത മത്സരത്തിനായി തയ്യാറെടുപ്പുകള്‍ തുടരുകയാണ് എയര്‍ടെല്‍.
🔳ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. അര്‍ച്ചന എന്ന സ്‌കൂള്‍ ടീച്ചര്‍ ആയാണ് ഐശ്വര്യ ചിത്രത്തില്‍ വേഷമിടുന്നത്. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 11ന് തിയേറ്ററുകളിലെത്തും. അര്‍ച്ചന എന്ന കഥാപാത്രത്തിന് ഒരു കല്യാണ ആലോചന വരുന്നതിനു ശേഷം അവളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച കഥയാണ് ചിത്രം പറയുന്നത്. പാലക്കാടന്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, ലുക്ക്മാന്‍ തുടങ്ങി ഒട്ടനവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
🔳അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ഫെബ്രുവരി 24ന് ഭീഷ്മപര്‍വ്വം റിലീസ് ചെയ്യും. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
🔳മാരുതി സുസുക്കി പുതിയ ബലേനോയുടെ ബുക്കിംഗ് ഓണ്‍ലൈനിലും നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയും ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഡീലര്‍ സ്രോതസ്സുകള്‍ പ്രകാരം, പുതുക്കിയ ബലേനോ 2022 ഫെബ്രുവരി 23-ന് പുറത്തിറങ്ങും. ഗുജറാത്ത് പ്ലാന്റില്‍ പുതിയ മോഡലിന്റെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. വാഹനത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ ബലേനോ ഒന്നിലധികം വേരിയന്റുകളിലും എക്സ്റ്റീരിയര്‍ പെയിന്റ് ഷേഡുകളിലും വരും.
🔳’നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പര്‍വ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകള്‍ മനസ്സിലാക്കിയില്ല. ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളില്‍നിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവല്‍ സ്റ്റീഫന്റെ കുമ്പസാരം. ‘വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ’. ഡിസി ബുക്സ്. വില 199 രൂപ.
🔳എല്ലാ പോഷകങ്ങളും ശരീരത്തിന് പ്രധാനപ്പെട്ടതാണ്. അതിലൊന്നാണ് വിറ്റാമിന്‍ ഇ. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുകയും ആരോഗ്യമുള്ള ചര്‍മ്മം, മുടി, പേശികള്‍ എന്നിവയ്ക്കും പ്രധാനപ്പെട്ട പോഷകമാണ്. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍ ഇ ശരീരത്തില്‍ മികച്ച ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു. ഈ ശക്തമായ ആന്റി ഓക്‌സിഡന്റ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു. വിറ്റാമിന്‍ ഇ തലയോട്ടിയിലെ മൈക്രോ സര്‍ക്കുലേഷനെ സഹായിക്കുകയും മുടിയ്ക്ക് പോഷണം നല്‍കുകയും അവയെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ കുറഞ്ഞാല്‍ മുടികൊഴിച്ചില്‍, വരണ്ട ചര്‍മ്മം, കാഴ്ച കുറയുക, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ പ്രതിരോധശേഷി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഇ അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, മുറിവുകള്‍ പതുക്കെ ഉണങ്ങുക എന്നിവ രോഗപ്രതിരോധ ശേഷി ദുര്‍ബലമായതിന്റെ സൂചനകളാണ്. വിറ്റാമിന്‍ ഇയുടെ കുറവ് റെറ്റിനയെയും ബാധിക്കും. ഇത് ദുര്‍ബലമായ കാഴ്ച പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കോശങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്നതിന് പുറമേ വിറ്റാമിന്‍ ഇ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ബദാം, അവാക്കാഡോ, ഇലക്കറികള്‍, പീനട്ട് ബട്ടര്‍, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ ഇയാല്‍ സമ്പുഷ്ടമാണ് ഈ ഭക്ഷണങ്ങള്‍.