പ്രഭാത വാർത്തകൾ
🔳തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു. പുസ്തകങ്ങള്‍ വായിച്ചല്ല ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബി.ജെ.പിയെ നയിക്കുന്നത് ഒരു കുടുംബമല്ല, പൊതുജന ക്ഷേമത്തിലൂന്നിയ സംസ്‌കാരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. സേവനം, ദൃഢനിശ്ചയം, പ്രതിജ്ഞാബദ്ധത എന്നീ മൂല്യങ്ങളിലൂന്നിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🔳അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ലിസ്റ്റി’ല്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കള്‍ക്കിടയില്‍നിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയില്‍ ഒന്നാമനായത്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് ആണ് പട്ടിക തയ്യാറാക്കിയത്.
🔳രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ധനമന്ത്രി പ്രതിപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ‘100 കോടി വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ അഭിനന്ദിച്ചു. എന്നാല്‍, തുടക്കം മുതല്‍ വാക്‌സിനേഷനെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത് നാം മറന്നിട്ടില്ലെന്നും വാക്‌സിനേഷനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36,000 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചതെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു.
🔳കര്‍ഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക വിഷയത്തില്‍ താനെന്തെങ്കിലും പ്രതികരിച്ചാല്‍ അത് വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി. ബി.ജെ.പി നേതാവായിരുന്ന സത്യപാല്‍ മാലിക് നേരത്തെയും കേന്ദ്ര സര്‍ക്കാരിനെതിരെ വമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. 600 പേരാണ് ഈ കര്‍ഷക മുന്നേറ്റത്തെ തുടര്‍ന്ന് മരണപ്പെട്ടതെന്നും ഡല്‍ഹിയില്‍ ഒരു മൃഗം മരിച്ചാല്‍ പോലും നേതാക്കള്‍ അനുശോചനവുമായി എത്തുമെന്നും പക്ഷെ മരണപ്പെട്ട 600 പേര്‍ക്കായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ഗൗരവ വിഷയമെന്ന് സിപിഐ. വിഷയം സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
🔳സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു മാര്‍ച്ച്. പൊന്‍കുന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിനിമ താരം ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ഷുട്ടിങ് സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്.
🔳ചെന്നൈയില്‍ കനത്തമഴയേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികള്‍ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്ന ഭയപ്പാടിലാണ് ചെന്നൈ നഗരവാസികള്‍. പാതിയിലധികം റോഡുകളിലും ഒരടിയില്‍ കൂടുതല്‍ വെള്ളം കയറി. .ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ എട്ട് മണിവരെ തുടര്‍ച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണം. ഇന്നലെ രാവിലെ മുതല്‍ ഇടവിട്ടേ മഴ പെയ്യുന്നുള്ളു എന്നത് ആശ്വാസം പകരുന്നു. അതേസമയം അടുത്ത രണ്ടുദിവസം തമിഴ്‌നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡല്‍ഹിയില്‍നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യംചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളില്‍ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
🔳ഹരിയാനയിലെ ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് എസ് പി ഓഫീസ് ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം. കൂടാതെ ഹരിയാനയിലെ കര്‍ഷക സംഘടനകളും ഇന്ന് യോഗം ചേരുന്നുണ്ട്.
🔳പഞ്ചാബില്‍ പെട്രോളിനും ഡീസലിനുമുള്ള മൂല്യവര്‍ദ്ധിത നികുതി കുറച്ചു. പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് നൂറിന് മുകളില്‍ ആയിരുന്ന പെട്രോളിന് 96 രൂപയും 89 രൂപ ആയിരുന്ന ഡീസലിന് 84 രൂപയായും കുറയും. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.
🔳മൃദു ഹിന്ദുത്വവാദിയാണെന്ന വിമര്‍ശനത്തിന് മറുപടിയുമായി എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. താന്‍ ഹിന്ദുവായതിനാലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ആര്‍ക്കും തന്നെ എതിര്‍ക്കാന്‍ കഴിയില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മൃദുഹിന്ദുത്വ രാഷ്ട്രീയമായതിനാലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
🔳ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവച്ചു കൊന്നു. 29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെ ജമ്മു & കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അപലപിച്ചു.
🔳കോടികണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ത്ഥന വിഫലമായി. ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സെമി കാണാതെ പുറത്തായത്. ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ന്യൂസിലന്‍ഡും പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി. അഫ്ഗാനെതിരെ എട്ട് വിക്കറ്റിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
🔳ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ 72 റണ്‍സിന് തകര്‍ത്ത് സെമി പ്രവേശനം ആഘോഷമാക്കി പാകിസ്താന്‍. ഗ്രൂപ്പ് രണ്ടില്‍ നിന്ന് മുഴുവന്‍ കളികളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് പാക് ടീമിന്റെ സെമി പ്രവേശനം. പാകിസ്താന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്ട്‌ലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഷുഐബ് മാലിക്കിന്റെയും മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ മികച്ച പ്രകടനം തുടര്‍ന്ന ബാബര്‍ 47 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 66 റണ്‍സെടുത്തു. ഡെത്ത് ഓവറുകളില്‍ വെറും 18 പന്തുകള്‍ നേരിട്ട ഷുഐബ് മാലിക്ക് ആറു സിക്സും ഒരു ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ പാകിസ്ഥാന്‍ 72 റണ്‍സിന് തോല്‍പിച്ചതോടെ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ നവംബര്‍ 10-ാം തിയതി ഇംഗ്ലണ്ടിനെ ന്യൂസിലന്‍ഡും രണ്ടാം സെമിയില്‍ 11-ാം തിയതി പാകിസ്ഥാനെ ഓസ്‌ട്രേലിയയും നേരിടും. ദുബായില്‍ 14-ാം തിയതിയാണ് ഫൈനല്‍.
🔳കേരളത്തില്‍ ഇന്നലെ 65,306 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 27 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,716 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7488 പേര്‍ രോഗമുക്തി നേടി. ഇതോടെ 72310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.1 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 53.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318, മലപ്പുറം 314, ആലപ്പുഴ 303, പാലക്കാട് 278, കാസര്‍ഗോഡ് 117.
🔳ആഗോളതലത്തില്‍ ഇന്നലെ 3,30,454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 18,362 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,305 പേര്‍ക്കും റഷ്യയില്‍ 39,165 പേര്‍ക്കും തുര്‍ക്കിയില്‍ 25,304 പേര്‍ക്കും ജര്‍മനിയില്‍ 20,701 പേര്‍ക്കും ഉക്രെയിനില്‍ 17,419 പേര്‍ക്കും ഇന്ത്യയില്‍ 11,648 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.05 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.87 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,347 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 95 പേരും റഷ്യയില്‍ 1,179 പേരും ഉക്രെയിനില്‍ 449 പേരും റൊമാനിയായില്‍ 263 പേരും ഇന്ത്യയില്‍ 256 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.64 ലക്ഷമായി.
🔳ശബരി ചായപ്പൊടിയും ആട്ടയും ഗള്‍ഫ് രാജ്യങ്ങളിലെ വിപണിയിലുമെത്തും. വിദേശവിപണിക്കു തുടക്കംകുറിച്ച് ദുബായിലെ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ആദ്യം ലഭ്യമാക്കുക. മറ്റിടങ്ങളിലെ പ്രവാസി മലയാളികള്‍ക്കു കേരളത്തിന്റെ ചായപ്പൊടിയും ആട്ടയും ലഭ്യമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു സപ്ലൈകോ അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍, ഡിസംബര്‍ മുതല്‍ മാസം 25 ടണ്‍ ശബരി ചായപ്പൊടി രണ്ടു കണ്ടെയ്നറുകളിലായി കപ്പലില്‍ ദുബായില്‍ എത്തിക്കാനാണു തീരുമാനം. ഗള്‍ഫിലേക്ക് ആഴ്ചയില്‍ 15 ടണ്‍ വീതം ആട്ടയാണ് ആദ്യമാസം നല്‍കുക.
🔳വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തു. വാട്ട്സ്ആപ്പ് വെബില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ ചാറ്റ് ചെയ്യുന്ന രീതി അപ്ഡേറ്റ് ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് വെബില്‍ മാറ്റങ്ങള്‍ വരുത്തുന്നതായി കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഏത് വാട്ട്സ്ആപ്പ് സ്‌ക്രീനില്‍ നിന്നും സ്റ്റിക്കറുകളും ടെക്സ്റ്റുകളും ക്രോപ്പ് ചെയ്യാനും അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും കഴിയും. ഇതിന് പുറമെ ലിങ്ക് പ്രിവ്യൂകളും വാട്ട്സ്ആപ്പ് വെബില്‍ വരുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് എന്താണ് ക്ലിക്ക് ചെയ്യുന്നതെന്ന് അറിയാന്‍ ലിങ്ക് പ്രിവ്യൂകള്‍ സഹായിക്കും.
🔳ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രത്തിന് നന്‍പകല്‍ നേരത്ത് മയക്കം എന്ന് പേരിട്ടു. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ കീഴിലാണ് പുറത്തു വരുന്നത്. ചിത്രം ഒരു ചെറിയ കാന്‍വാസില്‍ ആണ് ഒരുക്കുന്നത് എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണിത്.
വെളാങ്കണ്ണിയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. ചിത്രത്തിന്റെ കഥയും ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
🔳ദിലീഷ് പോത്തനും ചേതന്‍ ജയലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മിഡ്‌നൈറ്റ് റണ്‍’ റിലീസ് ചെയ്തു. മനുഷ്യനുമേല്‍ ഭയം എന്ന വികാരം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് കാണിക്കുന്ന ഹ്രസ്വചിത്രം മ്യൂസിക്247 എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. രമ്യാ രാജാണ് മിഡ്‌നൈറ്റ് റണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ബി.ടി.അനില്‍കുമാറിന്റേതാണ് കഥ. സതീഷ് എരിയലത്ത് ആണ് നിര്‍മാണം.
🔳പരിഷ്‌കരിച്ച പുതിയ എസ് ആര്‍ 160നെ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ. പുതിയ ഡിസൈനും എല്‍ഇഡി ഹെഡ്‌ലൈറ്റും കൂടാതെ, അപ്‌ഡേറ്റിന്റെ ഭാഗമായി സ്‌കൂട്ടറിന് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷനും ലഭിക്കും. അപ്‌ഡേറ്റ് ചെയ്ത രൂപത്തിലാണ് അപ്രീലിയ എസ്ആര്‍ 160, പുതിയ ഡിസൈനും എല്‍ഇഡി ഹെഡ്‌ലൈറ്റും ഉള്ളത്. 1.08 ലക്ഷം രൂപ വിലയുള്ള നിലവിലുള്ള സ്‌കൂട്ടറിനേക്കാള്‍ ചെറിയ വില വര്‍ദ്ധനയോടെ ഇത് വരും ദിവസങ്ങളില്‍ അവതരിപ്പിക്കും.
🔳ഒറ്റവാക്കു കൊണ്ടളക്കാനാവില്ല ഒ.എന്‍.വി.യെ. വിട്ടുപോകാനും തിരിച്ചുചെല്ലാനുമുള്ള ഒരു കാവ്യസത്രമായി പാരമ്പര്യത്തിലും സമകാലികതയിലും ഒ.എന്‍.വി. നില്‍ക്കുന്നു. ഒഎന്‍വിയുടെ നവതിവര്‍ഷം പ്രമാണിച്ച് അദ്ദേഹത്തിന്റെ കാവ്യസത്യത്തില്‍നിന്നും 90 കവിതകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പികെ. രാജശേഖരന്‍. ‘ഒ എന്‍ വി യുടെ അനശ്വര കവിതകള്‍’. ഡിസി ബുക്സ്. വില 437 രൂപ.
🔳ഉറക്കക്കുറവ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഏകദേശം 65.5 ശതമാനം വിദ്യാര്‍ഥികളും ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നുമാണ് ‘അന്നല്‍സ് ഓഫ് ഹ്യൂമന്‍ ബയോളജി’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഉറക്കക്കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പഠനം പറയുന്നു. 1,113 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ല ഉറക്കം കിട്ടാത്തത് നാല് മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്ത 500-ല്‍ അധികം പേര്‍ പകല്‍ സമയത്ത് കൂടുതലായി ഉറങ്ങാനുള്ള പ്രവണത ഉള്ളവരായിരുന്നു. ഇവര്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ മാനസികാരോഗ്യം മോശമാകുന്നത് വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. അതിനാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുട്ടികളില്‍ നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കര്‍ഷകദമ്പതികള്‍ വളരെ സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നത്. ഒരിക്കല്‍ അയാളുടെ ഭാര്യക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഭാര്യയെ ശുശ്രൂഷിക്കുന്നതിനിടയില്‍ അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു: അങ്ങയോടൊത്തു ജീവിതം പങ്കിടാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. എങ്കിലും ഒരു സംശയം എന്റെ മനസ്സില്‍ കിടക്കുന്നുണ്ട്. ഞാന്‍ ചോറു വിളമ്പിതരുമ്പോള്‍ അങ്ങൊരു സൂചിയും ശംഖും അടുത്തുവെയ്ക്കുന്നത് ഞാന്‍ കാണാറുണ്ട്. ഒരിക്കല്‍പോലും അത് ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. അതെന്തിനായിരുന്നു? ഭര്‍ത്താവ് പറഞ്ഞു: നീ ചോറു വിളമ്പുമ്പോള്‍ ഒരു മണിയെങ്കിലും ഇലയില്‍ നിന്നും പുറത്ത് പോയാല്‍ അതു സൂചികൊണ്ടെടുത്ത് ശുംഖിലെ വെള്ളത്തില്‍ കഴുകി വീണ്ടും കഴിക്കുവാന്‍ വേണ്ടിയായിരുന്നു. പക്ഷേ, എനിക്ക് അവ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കരുതലിനോളം വലിയ സ്‌നേഹപ്രകടനം മറ്റെന്താണ്. മനസ്സറിഞ്ഞു പെരുമാറാന്‍ കഴിയുന്നതും മനസ്സറിയുന്നവരുടെ കൂടെ സഞ്ചരിക്കാനാകുന്നതും ജീവിതത്തിനു സംതൃപ്തിയുടേയും സന്തോഷത്തിന്റെയും സമവാക്യങ്ങള്‍ സമ്മാനിക്കും. താന്‍ ശീലിച്ച പൊതുമര്യാദകളും തനിക്കറിയാവുന്ന പൊതുവിജ്ഞാനവും ചേര്‍ത്ത് ആരെയും പരിചരിക്കാന്‍ ആര്‍ക്കും കഴിയും. പക്ഷേ, സന്തതസഹചാരികളുടെ മനസ്സറിയണമെങ്കില്‍ അത്രയും നിരീക്ഷണവും ശ്രദ്ധയും വേണം. ഒരാള്‍ക്ക് എന്തു കൊടുക്കുന്നു എന്നതും എങ്ങനെ കൊടുക്കുന്നു എന്നതുമാണ് നല്‍കുന്നതിന്റെ മഹനീയത തീരുമാനിക്കുന്നത്. നല്‍കുന്നവന്റെ ഇഷ്ടം അതാര്‍ക്ക് കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, സ്വീകരിക്കുന്നവര്‍ക്ക് ഇഷ്ടമുള്ളത് നല്‍കണമെങ്കില്‍ അവരോടുള്ള സ്‌നേഹം മാത്രം പോരാ, അവരുടെ ഇഷ്ടങ്ങളിലൂടെ കുറച്ച് നേരമെങ്കിലും യാത്രചെയ്ത് പരിചയമുണ്ടാവുക കൂടി വേണം. ഏറ്റവും പ്രിയപ്പെട്ട ബന്ധങ്ങളില്‍, കരുതലിന്റെ നിറവ് കൂടി നല്‍കാന്‍ നമുക്ക് സാധിക്കട്ടെ