പ്രഭാത വാർത്തകൾ
◼️ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. എല്ലാവര്‍ക്കും വനിതാദിനാശംസകള്‍.
◼️യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ റഷ്യയെ പിന്തുണച്ച് ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്. നൂറോളം പേര്‍ പങ്കെടുത്തു. റഷ്യ, നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണു മാര്‍ച്ച് നടത്തിയത്. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ റഷ്യയെ പിന്തുണക്കേണ്ടതായിരുന്നെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. യുഎന്നില്‍ യുക്രെയിന്‍ പാകിസ്ഥാനെ പിന്തുണക്കുന്ന രാജ്യമാണെന്നും ഹിന്ദുസേന ആരോപിച്ചു.
◼️പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ബിജപിക്കു തുടര്‍ഭരണം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഉത്തരാഖണ്ഡിലും ഗോവയിലും തൂക്കുസഭയ്ക്കു സാധ്യത.
◼️പഞ്ചാബില്‍ മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായാണ് പ്രവചിച്ചത്. ആം ആദ്മി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നത.് ആം ആദ്മി പാര്‍ട്ടി 76 മുതല്‍ 90 സീറ്റ് വരെ നേടും. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19 -31 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപിയ്ക്കു പരമാവധി നാലു സീറ്റു മാത്രമേ ലഭിക്കൂ.
◼️ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയില്‍ ബിജെപിക്ക് 211 ലധികം സീറ്റുമായി ഭരണത്തുടര്‍ച്ചയെന്നാണു മൂന്നു എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്ക് 140 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ് നാലു സീറ്റിലായി ഒതുങ്ങും. ബിഎസ്പിക്ക് 17 പേരെ ജയിപ്പിക്കാനാകുമെന്നാണു എക്സിറ്റ് ഫലം പറയുന്നത്.
◼️മണിപ്പൂരില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലപ്രവചനം. 60 അംഗ നിയമസഭയില്‍ മുപ്പതു സീറ്റ് ബിജെപിക്കും 15 സീറ്റ് കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് റിപ്പബ്ളിക് ടീവി എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
◼️ബിജെപി ഭരിച്ചിരുന്ന എഴുപതംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബിജെപിയും കോണ്‍ഗ്രസും മുപ്പതിലേറെ സീറ്റു നേടുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോള്‍ പ്രവചനങ്ങളും പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒന്നോ രണ്ടോ സീറ്റു ലഭിക്കും. നാല്‍പതംഗ ഗോവ നിയമസഭയില്‍ ബിജെപിക്കു 16 ലേറെ സീറ്റും കോണ്‍ഗ്രസിന് 15 ലേറെ സീറ്റുമാണു പ്രവചിച്ചിരിക്കുന്നത്.
◼️വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രെയിനിലെ പ്രധാന നഗരങ്ങളില്‍നിന്നു സുരക്ഷിത ഇടനാഴി തുറന്നെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും ഇടനാഴിയില്‍ റഷ്യന്‍ പട്ടാളം ഷെല്ലാക്രമണം തുടര്‍ന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദംമൂലമാണ് റഷ്യ വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചത്. ആക്രമണം തുടര്‍ന്നതിനാല്‍ വെടിനിറുത്തല്‍ പ്രാബല്യത്തിലായില്ല. റഷ്യ തുറന്ന ആറ് ഇടനാഴികളും റഷ്യയിലേക്കായിരുന്നു. ഇത് അസന്മാര്‍ഗികമാണെന്നു യുക്രെയിന്‍.
◼️സുമിയടക്കമുള്ള യുക്രെയ്ന്‍ നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വെടിനിര്‍ത്തി സുരക്ഷിതപാത ഒരുക്കിയെന്നു പ്രഖ്യാപിച്ച റഷ്യ സഞ്ചാരപാതയില്‍ ഷെല്ലാക്രമണം തുടര്‍ന്നതിനാലാണ് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കഴിയാതെപോയത്. സുമിയിലേക്ക് എംബസി ബസുകള്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
◼️യുക്രെയിനില്‍നിന്ന് 734 മലയാളികളെ കൂടി തിരിച്ചെത്തിച്ചു. ഇതോടെ കേരളത്തില്‍ തിരിച്ചെത്തിയവരുടെ എണ്ണം 2,816 ആയി.
◼️തമിഴ്നാട്ടില്‍ 1,100 കോടി രൂപയുടെ തട്ടിപ്പു നടത്തിയതിന് നാലു പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഡിസ്‌ക് അസറ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്തത്. എന്‍. ഉമാശങ്കര്‍, അരുണ്‍കുമാര്‍, വി. ജനാര്‍ദനന്‍, എ. ശരവണകുമാര്‍ എന്നിവരാണു പിടിയിലായത്. ഉയര്‍ന്ന പലിശയ്ക്ക് ജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്നാണു കേസ്.
◼️സിപിഎമ്മിലെ വിവാദ നേതാവ് പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന ചുമതലയില്‍ എത്തിയേക്കും. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യചുമതല ശശിക്കായിരുന്നു. പുത്തലത്ത് ദിനേശനെ സിപിഎം സെക്രട്ടറിയേറ്റ് അംഗമാക്കിയതോടെയാണ് ശശിക്കുള്ള വഴിയൊരുങ്ങിയത്. പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ചുമതല ജി. സുധാകരനു നല്‍കിയേക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടും ശശി സംസ്ഥാന കമ്മിറ്റിയില്‍ എത്തി. പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ചുള്ള പരിചയം ശശിക്കുണ്ട്. പി. ശശി മുഖ്യന്ത്രിയുടെ ഓഫീസില്‍ എത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.
◼️കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണത്തില്‍ അവകാശവാദമുന്നയിക്കുമെന്ന സിപിഐ നിലപാടിനോട് ആര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നു പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◼️ഇനി രാജ്യസഭയിലേക്കു മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇതുവരെ തന്ന അവസരങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും ഇനി മല്‍സരിക്കില്ലെന്ന് അറിയിച്ചുകൊണ്ടും ആന്റണി ഹൈക്കമാന്‍ഡിനു കത്തു നല്‍കി. പകരം ആരെ മല്‍സരിപ്പിക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ചൂടുപിടിച്ചിട്ടുണ്ട്.
◼️കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരന്‍ അടക്കം കുടുംബത്തിലെ രണ്ടുപേരെ വെടിവച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പനായില്‍ രഞ്ജു കുര്യനും മാതൃസഹോദരന്‍ മാത്യു സ്‌കറിയയുമാണു വെടിയേറ്റു മരിച്ചത്. രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്.
◼️കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രഫ. എം.വി. നാരായണനെ ഗവര്‍ണര്‍ നിയമിച്ചു. കാലിക്കട്ട് സര്‍വകലാശാലയിലെ ഇംഗ്ളീഷ് പ്രൊഫസറും സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമാണ് നാരായണന്‍. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഫോറിന്‍ ലാംഗ്വേജസ് വിഭാഗം ഡീനുമാണ് ഇദ്ദേഹം.
◼️പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ അനുശോചനവുമായി ഇന്നലെ രാത്രിയാണ് രാഹുല്‍ പാണക്കാട്ട് എത്തിയത്. എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുശോചന കുറിപ്പും രാഹുല്‍ കുടുംബത്തിനു കൈമാറി.
◼️തൊഴിലിടങ്ങള്‍ കൂടുതല്‍ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ തൊഴില്‍വകുപ്പ് നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ സംവിധാനം സംസ്ഥാന തൊഴില്‍ വകുപ്പ് ‘സഹജ’ എന്ന പേരില്‍ സജ്ജീകരിക്കും. തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍, വിവേചനം, ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങിയവ തൊഴില്‍ വകുപ്പിനെ അറിയിക്കാനാണ് സഹജ എന്ന പരാതി സംവിധാനം ഒരുക്കുന്നത്.
◼️കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയായ അധ്യാപികയ്ക്കെതിരേ ഉണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടര്‍ ജാഫറിനെ സ്പെന്‍ഡ് ചെയ്തു. പോലീസ് ജാഫറിനെതിരേയും കേസെടുത്തിട്ടുണ്ട്.
◼️യുക്രെയിനില്‍ സൈന്യത്തിന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ ഇന്ത്യയില്‍ എത്തിച്ചു. വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച് ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളണ്ടില്‍നിന്നുള്ള സംഘത്തിനൊപ്പമാണ് ഹര്‍ജോത് മടങ്ങിയെത്തിയത്.
◼️എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ മിഷന്‍ എംഎല്‍എ പദ്ധതിയുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ നിരീക്ഷിക്കാനും കൂറുമാറ്റം തടയാനുമായി പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് ഹൈക്കമാന്‍ഡ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അയച്ചു. ഗോവ, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംല്‍എമാരുടെ കൂറുമാറ്റംമൂലം കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടിരുന്നു.
◼️റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിനു സമാധാന ശ്രമവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായി ഇന്നലെ ഉച്ചയ്ക്കു മുമ്പേ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. യുക്രെയിനിലെ ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുഖ്യമായി സംസാരിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ അടക്കമുള്ള സമാധാന നിര്‍ദേശങ്ങളുമുണ്ടായി. പുടിനുമായുള്ള ഫോണ്‍ സംഭാഷണം 50 മിനിറ്റോളം നീണ്ടു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി പുടിന്‍ നേരിട്ടു സംസാരിക്കണമെണ് മോദി അഭ്യര്‍ത്ഥിച്ചു.
https://chat.whatsapp.com/HmefhXpZoyWIPCfRZguT4X
◼️ബെലാറൂസില്‍ റഷ്യ- യുക്രൈന്‍ മൂന്നാം വട്ട ചര്‍ച്ച തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. ആക്രമണം നിര്‍ത്താതെ ഏകപക്ഷീയമായ നിര്‍ദേശങ്ങള്‍ റഷ്യ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യുക്രെയിന്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് യുക്രെയിന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്കെത്തി.
◼️അധിനിവേശത്തിനു വന്ന റഷ്യയുടെ 11,000 സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്റെ അവകാശവാദം. കിഴക്കന്‍ യുക്രെയിനില റഷ്യന്‍ യുദ്ധപ്രഭു എന്നറിയപ്പെടുന്ന കേണല്‍ വ്‌ളാഡിമിര്‍ ആര്‍ട്ടെമോവിച്ച് സോഗയും കൊല്ലപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള വിമത സൈനിക ഗ്രൂപ്പായ ഡോനെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലികിന്റെ തലവനാണ് ഇയാള്‍.
◼️വിജയം നേടാതെ ഉക്രെയിന്‍ അധിനിവേശത്തില്‍നിന്ന് പിന്മാറില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടും തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗനോടും സംസാരിക്കവേയാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. യുദ്ധം നിര്‍ത്തണമെന്ന് ഇരുവരും പുടിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ് പുടിന്‍ മറുപടി നല്‍കിയത്.
◼️റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ യഥാര്‍ഥ ആവശ്യം എന്താണ്? യുക്രെയിനെ കീഴടക്കി പാവ സര്‍ക്കാരിനെ സ്ഥാപിക്കുകയാണു ലക്ഷ്യം. എന്നാല്‍ ഇക്കാര്യം പുടിന്‍ തുറന്നു പറയുന്നില്ല. യുദ്ധം ആരംഭിച്ചപ്പോള്‍, റഷ്യക്കാരേറെയുള്ള കിഴക്കന്‍ മേഖലയായ ഡോണ്‍ബോസ്‌കോയ്ക്കു സ്വാതന്ത്ര്യം നല്‍കുകയാണു ലക്ഷ്യമെന്നായിരുന്നു പുടിന്‍ പറഞ്ഞത്. എന്നാല്‍, യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉക്രെയിനെ നിരായുധീകരിക്കണമെന്ന് പുടിന്‍ ആവശ്യപ്പെടുന്നു.
◼️റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും തന്നു സഹായിക്കണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. യുക്രൈന് സുരക്ഷ നല്‍കാന്‍ ഇനിയെത്ര മരണം വേണ്ടിവരുമെന്നും നാറ്റോ രാജ്യങ്ങളോട് സെലെന്‍സ്‌കി ചോദിച്ചു.
◼️യുക്രെയിന്‍ പ്രസിഡന്റ് വളോഡിമര്‍ സെലെന്‍സ്‌കിയെ യുക്രെയിനില്‍നിന്ന് സുരക്ഷിതമായി പുറത്തു കടത്താനുള്ള ഒരുക്കങ്ങളുമായി യുകെയിലേയും യുഎസിലേയും സൈനിക കമാന്‍ഡോകള്‍. ഇരു രാജ്യങ്ങളിലേയും പ്രത്യേക സേനാ വിഭാഗങ്ങള്‍ പരിശീലന പരിപാടികള്‍ ഊര്‍ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ വൈകാതെത്തന്നെ യുക്രെയിന്‍ തലസ്ഥാനമായ കീവ് കീഴടക്കി പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാനെത്തുമെന്നാണ് ഇരുരാജ്യങ്ങള്‍ക്കും ലഭിച്ച സൈനിക രഹസ്യാന്വേഷണ വിവരം.
◼️വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും വിട്ട് സ്വദേശത്തേക്കില്ലെന്ന് ഇന്ത്യന്‍ ഡോക്ടര്‍. യുക്രെയിനില്‍ ഡോക്ടറായ ഗിരികുമാര്‍ പാട്ടീല്‍ ആണ് തന്റെ പുലികളെ വിട്ട് എങ്ങോട്ടുമില്ലെന്ന് വ്യക്തമാക്കിയത്. രണ്ടു പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിനു സമീപത്തെ ബങ്കറിലാണ് ഇയാള്‍ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടും പുലികളെ ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറല്ല.
◼️റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെതിരെ പാരിസില്‍ സ്ത്രീകളുടെ ടോപ്ലെസ് പ്രതിഷേധ പ്രകടനം. മേല്‍വസ്ത്രമില്ലാതെ സമരം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ വിസെഗ്രാഡ് 24 ട്വിറ്ററില്‍ പങ്കുവച്ചു. പാരിസിലെ ഈഫല്‍ ടവറിനു മുന്നില്‍നിന്നാണ് ടോപ്ലെസ് പ്രകടനം നടത്തിയത്. ശരീരത്തില്‍ യുക്രൈന്‍ പതാക പെയ്ന്റ് ചെയ്തിട്ടുമുണ്ട്. യുദ്ധത്തില്‍ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങളും ശരീരത്തില്‍ കുറിച്ചിട്ടുണ്ട്.
◼️ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനൊപ്പം ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും കരസ്ഥമാക്കി. ഇരുപാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് ജംഷഡ്പൂരിന്റെ എതിരാളികള്‍. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമായി സെമിയില്‍ ഏറ്റുമുട്ടും. ഈ മാസം 11നും 12നുമാണ് ആദ്യപാദ സെമി. 15നും 16നും രണ്ടാംപാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 20നാണ് ഫൈനല്‍.
◼️ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തായ്‌ലന്‍ഡ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഷെയ്ന്‍ വോണിന്റെ ദേശീയ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനം വേദിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍
◼️കേരളത്തില്‍ ഇന്നലെ 23,641 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 12,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,535 കോവിഡ് രോഗികള്‍. നിലവില്‍ 49,976 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.04 കോടി കോവിഡ് രോഗികള്‍.
◼️സ്വര്‍ണവില കുതിച്ചുയരുന്നതിനിടെ ആഭരണപ്രേമികള്‍ക്ക് കൂടുതല്‍ തിരിച്ചടിയുമായി ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) ഹാള്‍മാര്‍ക്കിംഗ് ഫീസ് കൂട്ടി. ആഭരണമൊന്നിന് 35 രൂപയില്‍ നിന്ന് 45 രൂപയായാണ് കൂട്ടിയത്. പുറമേ 18 ശതമാനം ജി.എസ്.ടിയുമുണ്ട്. പുതുക്കിയനിരക്ക് മാര്‍ച്ച് നാലിന് നിലവില്‍ വന്നു. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുംമുമ്പ് ഫീസ് 25 രൂപയായിരുന്നു. ഹാള്‍മാര്‍ക്കിംഗ് നിരക്കുവര്‍ദ്ധനയ്ക്ക് ആനുപാതികമായി പണിക്കൂലിയും കൂടുമെന്നതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ഇനി ചെലവേറും. വെള്ളിയുടെ ഹാള്‍മാര്‍ക്കിംഗ് വിലയും 25 രൂപയില്‍ നിന്ന് 35 രൂപയാക്കിയിട്ടുണ്ട്.
◼️ലോകത്ത് ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. മൂന്ന് കോടി ഡോളറോ (226 കോടി രൂപ) അതിലധികമോ സമ്പത്തുള്ള 13,637 പേരാണ് ഇന്ത്യയിലുള്ളതെന്നും 2020ലെ 12,287 പേരേക്കാള്‍ 11 ശതമാനം അധികമാണിതെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി. 2026ഓടെ എണ്ണം 19,000 കവിയും. 2021ല്‍ ആഗോളതലത്തില്‍ അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ഉയര്‍ന്ന് 6.10 ലക്ഷത്തില്‍ എത്തിയിരുന്നു.ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ് – 748 പേര്‍. ചൈനയാണ് രണ്ടാമത് (554 പേര്‍). മൂന്നാമതുള്ള ഇന്ത്യയില്‍ 145 പേരുണ്ട്.
◼️മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ലളിതം സുന്ദരം’. സിനിമ സംവിധാനം ചെയ്യുന്നത് മഞ്ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യരാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യുക. ഒരു കോമഡി ഡ്രാമയായിട്ടാകും ചിത്രം റിലീസ് ചെയ്യുക.
◼️ജോണ്‍ എബ്രഹാം സൈനിക വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം അറ്റാക്കിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ സോള്‍ജ്യര്‍ എന്നാണ് അണിയറക്കാര്‍ ജോണിന്റെ നായക കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് പുറത്തെത്തിയ ട്രെയ്ലര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ മിഷന്‍ ആണ് ജോണിന്റെ നായകന്‍ അര്‍ജുന്‍ ഷെര്‍ഗിലിന് മുന്നിലെത്തുന്നത്. ലക്ഷ്യ രാജ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍ എബ്രഹാമിനൊപ്പം ജാക്വലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിംഗ്, പ്രകാശ് രാജ്, രത്ന പതക് ഷാ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
◼️സെലേറിയോയ്ക്ക് ശേഷം, മാരുതി സുസുക്കി മറ്റൊരു സിഎന്‍ജി മോഡലും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എത്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാരുതി ഡീലര്‍മാരില്‍ ചിലര്‍ ഡിസയര്‍ സിഎന്‍ജിയുടെ ബുക്കിംഗ് എടുക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസമാണ് മാരുതി സുസുക്കി സെലേറിയോയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനാണ് മാരുതി ഡിസയര്‍. ഡിസയറിന്റെ നിലവിലുള്ള മോഡലുകള്‍ പെട്രോള്‍ എഞ്ചിനുകളില്‍ മാത്രം വിപണിയില്‍ ലഭ്യമാണ്, അവയുടെ വില 6.09 ലക്ഷം രൂപ മുതല്‍ 9.13 ലക്ഷം രൂപ വരെയാണ്.
◼️തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് ‘റഫീക്ക് അഹമ്മദിന്റെ കവിതകള്‍’ . തന്നെ സ്പര്‍ശിച്ച പ്രമേയങ്ങളെക്കുറിച്ച് പാടുമ്പോള്‍ തന്നെ നമ്മുടെ ലാവണ്യബോധത്തെ മാറ്റിമറിക്കുന്ന അപരലോകങ്ങളെ ഈ കവി വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നു. മാതൃഭൂമി ബുക്സ്. വില 382 രൂപ.