പ്രഭാത വാർത്തകൾ
🔳കെ റെയിലിനു ഡിപിആര്‍ തയാറാക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിപിആറിന് അനുമതി നല്‍കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനംകൊണ്ടു മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങള്‍ക്കു ദുരിതാശ്വാസനിധിയില്‍നിന്നു പണം നല്‍കിയെന്നാണ് ആരോപണം. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്കു വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. മുന്‍മന്ത്രിസഭയിലെ മന്ത്രിമാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. കേസ് 11 ന് വീണ്ടും പരിഗണിക്കും.
🔳ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പു കണ്ടെത്തിയതിനു പിറകേ, നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെ സസ്പെന്‍ഡു ചെയ്തു. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരില്‍ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിച്ചെന്നാണ് കണ്ടെത്തല്‍.
🔳പ്രവാസികള്‍ക്കു ക്വാറന്റൈന്‍ വേണ്ടെന്ന പുതിയ ചട്ടത്തിനു ‘കാരണഭൂതന്‍’ ആരായാലും വൈകി വിവേകമുണ്ടായല്ലോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരാഴ്ച ക്വാറന്റൈനും എട്ടാം ദിവസം ആര്‍ടിപിസിആര്‍ ഫലവും വേണമെന്ന നിയമം മാറ്റിയത് ആര്‍ക്കുവേണ്ടിയെന്ന് എല്ലാവര്‍ക്കും അറിയാം. വിദേശത്തുനിന്നു തിരിച്ചെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രവാസികളുടെ കണ്ണീര്‍ തിരുവാതിരക്കളിക്കാര്‍ കണ്ടല്ലോയെന്നും പരിഹസിച്ചിട്ടുമുണ്ട്.
🔳തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ എം. ശിവശങ്കര്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണെന്നു സ്വപ്ന സുരേഷ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ്. സുപ്രധാനമായ എല്ലാ തീരുമാനങ്ങളും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. ശിവശങ്കറിന്റെ ആത്മകഥ വായിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു.
🔳സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെ താന്‍ നിരന്തരം അധിക്ഷേപിക്കപ്പെടുകയാണെന്ന് സ്വപ്ന സുരേഷ്. മൂന്നു പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അധിക്ഷേപിക്കുന്നത്. കേസില്‍ കുടുങ്ങിയതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനുമാണു തന്നെ അധിക്ഷേപിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
🔳തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്‌മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നതിനെക്കുറിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.
🔳എം.സി റോഡില്‍ എസ്ബി കോളജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി അജ്മല്‍ റോഷന്‍ (27), രുദ്രാക്ഷ് (20), അലക്സ് (26) എന്നിവരാണു മരിച്ചത്. രാത്രി പത്തോടെയാണ് അപകടമുണ്ടായത്.
🔳ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ ശത്രുക്കളായി കണക്കാക്കാനാവില്ലെന്നു സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല. മതവിശ്വാസികളെ ചേര്‍ത്തു നിര്‍ത്തണം. ഹിന്ദുത്വ വിരുദ്ധത മതവിശ്വാസത്തിന് എതിരല്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
🔳കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം അഞ്ചു വര്‍ഷംകൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടിവരും. ലോകായുക്താ ഭേദഗതിയില്‍ സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്ത് പരിഹരിക്കും. കോടിയേരി പറഞ്ഞു.
🔳ലോകായുക്തയ്ക്കെതിരെയുള്ള മുന്‍മന്ത്രി കെ.ടി ജലീലിന്റെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജലീല്‍ പാര്‍ട്ടി അംഗമല്ല. ലോകായുക്തയ്ക്കെതിരെ ഒരു ആരോപണവും സിപിഎം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🔳സാമൂഹികാഘാത പഠനം നടത്താനാണ് കെ റെയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥലം ഏറ്റെടുത്താലേ വായ്പ ലഭിക്കൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന പ്രചാരണം തെറ്റാണ്. കോടിയേരി പറഞ്ഞു.
🔳മകന്റെ വിവാഹത്തലേന്ന് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിനു സൗജന്യമായി വീടുവെയ്ക്കാന്‍ മൂന്നു സെന്റ് സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വൈ എം എ ഷുക്കുറാണ് തന്റെ 13 സെന്റ് സ്ഥലത്തില്‍നിന്ന് അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിനു മൂന്നു സെന്റ് സ്ഥലം നല്‍കിയത്. ക്യാന്‍സറിനു വര്‍ഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം വില്‍ക്കേണ്ടിവന്ന ഒരു വൃദ്ധമാതാവിനും യുവതിയായ മകള്‍ക്കുമാണ് ഷുക്കുര്‍ സ്ഥലം കൈമാറിയത്.
🔳തിരുവനന്തപുരം ചന്തവിളയില്‍ മദ്യപിക്കുന്നതിനിടെ കൊലക്കേസ് പ്രതിയ്ക്കു കുത്തേറ്റ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഗുണ്ടാസംഘങ്ങളില്‍പെട്ടവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലാണ് കൊലക്കേസ് പ്രതി ദീപുവിനു കുത്തേറ്റത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ്.
🔳ഓണ്‍ലൈനില്‍ വാങ്ങിയ ഐ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് കമ്പനിക്കു പരാതി നല്‍കിയശേഷം പകരം കൊടുത്തത് വ്യാജഫോണ്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മാറമ്പള്ളി പുതുശ്ശേരിവീട്ടില്‍ ലിയാഖത്ത് (26), പെരുമ്പാവൂര്‍ മുടിക്കല്‍ ചിറയില്‍ കാടന്‍ ഷിജാസ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
🔳സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ നാളെ . കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണു പരീക്ഷ. കേരളത്തില്‍ ഞായറാഴ്ച ലോക് ഡൗണിനു സമാനമായ നിയന്ത്രണമുണ്ടെങ്കിലും തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവുമായി പരീക്ഷാ സെന്ററിലെത്താം.
🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പ്രസ്താവിക്കും. വാദംകേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കി.
🔳അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് വിശദമാക്കുന്ന ഓഡിയോ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് ഓഡിയോ പുറത്തുവിടാത്തത്. കോടതി വിധി വന്നാലുടനേ പുറത്തുവിടും. ഇതും ശാപവാക്കാണെന്ന് കോടതി പറഞ്ഞാല്‍ ഒന്നും പറയാനില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
🔳കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം ഏഴാം തിയതി പ്രസിദ്ധീകരിക്കും.
🔳യുജിസി ചെയര്‍മാനായി ജെഎന്‍യു വൈസ് ചാന്‍സലറായ എം ജഗദീഷ് കുമാറിനെ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. മദ്രാസ് ഐഐടിയില്‍നിന്ന് ഇലക്ട്രോണിക്സ് എന്‍ജിിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ജഗദീഷ് കുമാര്‍ 2016 ലാണ് ജെഎന്‍യു വൈസ് ചാന്‍സലറായത്. ഇദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. യുജിസി ചെയര്‍മാനായിരുന്ന ഡിപി സിംഗ് വിരമിച്ച ഒഴിവിലാണു നിയമനം.
🔳അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ മലയാളി യുവതി വിജയിയായി. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത്. നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. 14 സുഹൃത്തുക്കളൊപ്പമാണു ടിക്കറ്റെടുത്തത്. സമ്മാനത്തുക അവരുമായി വീതിക്കുമെന്നു ലീന ജലാല്‍ പറഞ്ഞു.
🔳ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ഉണ്ടായിരുന്ന മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ഷാ അവകാശപ്പെട്ടു. യോഗി ആദിത്യനാഥ് അമിത്ഷായുടെ സാന്നിധ്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി.
🔳ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സിറ്റി മണ്ഡലത്തില്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 13,20,653 രൂപ. നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം. ആകെ സ്വത്തുക്കളുടെ മൂല്യം 1.54 കോടി രൂപ. കാര്‍ഷിക ഭൂമിയോ മറ്റിതര ഭൂമിയോ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ ഇല്ല. ഒരു വാഹനവും ഇല്ല. കട ബാധ്യതകളും ഇല്ലെന്ന് യോഗി സത്യവാങ്മൂലത്തില്‍ പറയുന്നു.
🔳ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിന് ആറു ദിവസംമാത്രം ശേഷിക്കേ സമാജ് വാദി പാര്‍ട്ടിയുടെ സഖ്യം പൊളിഞ്ഞു. സഖ്യകക്ഷിയായ അപ്നാദള്‍ കെ വിഭാഗത്തിനു മത്സരിക്കാന്‍ നല്‍കിയ 18 സീറ്റുകള്‍ തിരികെ നല്‍കി. അപ്നാദള്‍ കംരേവാദി വിഭാഗത്തിന്റെ അലഹബാദ് വെസ്റ്റ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രകോപനകാരണം.
🔳കേന്ദ്രസര്‍ക്കാരിന്റെ ഇസഡ് കാറ്റഗറി സുരക്ഷ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി നിരസിച്ചു. തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോഴാണ് അദ്ദേഹത്തിനെതിരേ വെടിവയ്പ്പുണ്ടായത്.
🔳കോണ്‍ഗ്രസ് നേതാക്കളുടെ താളത്തിനു തുള്ളുന്നവരെ മാത്രമേ പഞ്ചാബില്‍ മുഖ്യമന്ത്രിയാക്കൂവെന്ന വിമര്‍ശനവുമായി പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചതിനു പിറകേയാണ് സിദ്ദുവിന്റെ അഭിപ്രായ പ്രകടനം. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിക്കെതിരെയും സിദ്ദു പരോക്ഷ വിമര്‍ശനമുന്നയിച്ചു.
🔳അധ്യാപക ജോലി 39 വര്‍ഷം പൂര്‍ത്തിയാക്കി വിരമിച്ചപ്പോള്‍ കിട്ടിയ 40 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ പഠിപ്പിച്ച സ്‌കൂളിനു നല്‍കി അധ്യാപകന്‍. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായാണു സംഭാവന ചെയ്തത്. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഖണ്ഡിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ വിജയ് കുമാര്‍ ചന്‍സോരിയാണ് ഈ മാതൃക കാണിച്ചത്.
🔳കാമുകിയെ ട്രോളിയില്‍ ഒളിപ്പിച്ചു കോളജ് ഹോസ്റ്റലിലേക്കു കടത്താന്‍ ശ്രമിച്ച കോളജുകുമാരന്‍ പിടിയില്‍. പെട്ടിയിലുണ്ടായിരുന്ന കുമാരിയും കുടുങ്ങി. കര്‍ണാടക മണിപ്പാലിലെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പിടികൂടിയത്. വലിയ ട്രോളിയുമായി വന്ന വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. ട്രോളി ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടു. അകത്ത് ചുരുണ്ടുകൂടി ഇരുന്ന കാമുകിയുടേയും കാമുകന്റേയും വീട്ടുകാരെ വിവരം അറിയിച്ചു. വിദ്യാര്‍ഥികളെ സസ്പെന്‍ഡു ചെയ്യുകയും ചെയ്തു.
🔳ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത നാല്‍പത്തൊന്നുകാരനെ ഭാര്യ കേസില്‍ കുടുക്കി. ഗുജറാത്തിലെ ബിസിനസുകാരന്റെ ഭാര്യയുടെ പരാതിയില്‍ ഭാര്‍ത്താവിനെതിരേ മാത്രമല്ല, കാമുകിക്കെതിരേയും ഹിന്‍ജെവാഡി പൊലീസ് കേസെടുത്തു. കമ്പനിയില്‍ ഡയറക്ടര്‍കൂടിയായ ഭാര്യക്കു ഭര്‍ത്താവിന്റെ രീതികളില്‍ സംശയം തോന്നി ആരുമറിയാതെ കാറില്‍ ജിപിഎസ് ഘടിപ്പിച്ചു. അങ്ങനെയാണ് ഭര്‍ത്താവ് തന്നെ ചതിക്കുന്നതായി ഭാര്യ കണ്ടെത്തിയത്.
🔳ഫേസ്ബുക്ക് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലെ മുന്‍നിരക്കാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും . സുക്കര്‍ബര്‍ഗിന്റെ കമ്പനിയായ മെറ്റയുടെ ഓഹരിവില കഴിഞ്ഞ ദിനം കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയും അദാനിയും മുന്നിലെത്തിയത്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ടനുസരിച്ച് അദാനിയുടെ ആസ്തി 9010 കോടി ഡോളറും അംബാനിയുടെ ആസ്തി 9000 കോടി ഡോളറുമാണ്. സുക്കര്‍ബര്‍ഗ് ആഗോള സമ്പന്നന്മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തായി.
🔳ഐഎസ്എല്ലില്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചത്. ജയത്തോടെ പോയന്റ് പട്ടികില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.
🔳രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫെബ്രുവരി ആറിന് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മത്സരമാകും. ഇതുവരെ കളിച്ച 999 ഏകദിനങ്ങളില്‍ നിന്ന് 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്.
🔳കേരളത്തില്‍ ഇന്നലെ 1,20,496 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 28 മരണങ്ങള്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 567 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 57,296 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,037 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,66,120 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731.
🔳രാജ്യത്ത് ഇന്നലെ 1,25,345 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 13,840, കര്‍ണാടക- 14,950, തമിഴ്നാട്- 9,916, ഡല്‍ഹി- 2,272.
🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ – 1,76,096, ഫ്രാന്‍സ്- 2,41,049, ഇംഗ്ലണ്ട് – 84,053, റഷ്യ- 1,68,201, തുര്‍ക്കി – 1,11,157, ഇറ്റലി- 99,522, ജര്‍മനി-2,35,511, ജപ്പാന്‍ – 1,03,038. ഇതോടെ ആഗോളതലത്തില്‍ 39.10 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.52 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,856 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,907, ഇന്ത്യ – 1,056, ബ്രസീല്‍ – 493, ഫ്രാന്‍സ്- 355, റഷ്യ- 682, ഇറ്റലി – 433, മെക്‌സികോ- 648. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.41 ലക്ഷമായി.
🔳പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 1,027 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞ പ്രൊവിഷനുകള്‍ കാരണം വാര്‍ഷികാടിസ്ഥാനത്തില്‍ 90 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അതിന്റെ മൊത്തം പ്രൊവിഷനുകള്‍ 81 ശതമാനം കുറഞ്ഞ് 335 കോടി രൂപയായി. അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9 ശതമാനം കുറഞ്ഞ് 3,408 കോടി രൂപയായി. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 65 ശതമാനത്തില്‍ നിന്ന് 70 ശതമാനത്തില്‍ എത്തി.
🔳വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വീഡിയോകോണിന്റെ ഓയില്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാപ്പരായി വീഡിയോകോണിനെ ഏറ്റെടുക്കാന്‍ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ പിന്തുണയുള്ള ട്വിന്‍ സ്റ്റാര്‍ ടെക്നോളജീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ട്വിന്‍ സ്റ്റാര്‍ നല്‍കിയ 2,692 കോടിയുടെ ബിഡ് പാപ്പരത്വ അപ്പലേറ്റ് ട്രൈബ്യുണല്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് വീഡിയോകോണ്‍ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം പുതിയ താല്‍പ്പര്യപത്രം ക്ഷണിച്ചത്. ആകെ 64,637 കോടി രൂപയുടെ ബാധ്യതയാണ് വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് ഉള്ളത്.
🔳സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളന്‍ ഡിസൂസ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തീയേറ്ററുകളില്‍ എത്തും. ദിലീഷ് പോത്തനാണ് റിലീസ് തീയതി സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. ജനുവരി 21ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🔳ആരാധകരെ ആവേശം കൊള്ളിച്ച് മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്. കംപ്‌ളീറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഷോ ആയിരിക്കും ചിതമെന്ന സൂചനയാണ് ഈ ട്രെയ്‌ലെര്‍ നല്‍കുന്നത്. ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അഭിനയിച്ചിട്ടുണ്ട്. എ ആര്‍ റഹ്‌മാന്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.
🔳പാന്‍ അമേരിക്ക 1250, സ്‌പോര്‍ട്സ്റ്റര്‍ എസ് മോഡലുകളുടെ 3,917 യൂണിറ്റുകള്‍ ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ തിരിച്ചുവിളിച്ചു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ സോഫ്‌റ്റ്വെയര്‍ പ്രശ്‌നം പരിഹരിക്കുന്നതിനാണ് കമ്പനി സ്വമേധയാ തിരിച്ചുവിളിക്കല്‍ നടത്തിയിരിക്കുന്നത്. ഇരു മോട്ടോര്‍സൈക്കിളുകളിലെയും ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് താപനില പൂജ്യം ഡിഗ്രിയോ അതില്‍ താഴെയോ ആയിരിക്കുമ്പോള്‍ സ്പീഡോമീറ്ററും ന്യൂട്രല്‍ ഗിയര്‍ സൂചകവും പ്രദര്‍ശിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതിനെ തുടര്‍ന്നാണ് നടപടി. പ്രാദേശിക ഹാര്‍ലി-ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി കമ്പനി സൗജന്യമായി പ്രശ്നം പരിഹരിക്കും.
🔳മലയാളി ഇക്കാലം വരെയും അനുഭവിച്ചിട്ടില്ലാത്ത പുതിയൊരു അനുഭവ പ്രപഞ്ചത്തിലേയ്ക്കും കഥാലോകത്തിലേയ്ക്കും മാധവികുട്ടി മലയാളികളെ പിടിച്ചുയര്‍ത്തി. പ്രണയമാണ് അവരുടെ മതം. ‘നനഞ്ഞ മഴയില്‍ തനിച്ച് നടന്നവള്‍’. വി യു സുരേന്ദ്രന്‍. പൂര്‍ണ പബ്ളിക്കേഷന്‍്സ്. വില 189 രൂപ.
🔳മാനസികസമ്മര്‍ദ്ദം 30 വയസ് മുതല്‍ ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം എന്നിവയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.ജീവിത സാഹചര്യം മാറുന്നതനുസരിച്ച് പൂര്‍ണമായും സമ്മര്‍ദ്ദം ഒഴിവാക്കിയ ജീവിതം സാദ്ധ്യമല്ലതാനും. ചെറിയ തോതില്‍ സമ്മര്‍ദ്ദം ജോലിയിലെ പ്രകടനം മെച്ചപ്പെടുത്താനും അവസരമൊരുക്കും. സമ്മര്‍ദ്ദങ്ങളെ കാഠിന്യം കുറച്ച് കാണാനും അമിതമല്ലാത്ത സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാനും ശീലിക്കുന്നത് ഗുണം ചെയ്യും. കൃത്യമായ സമക്രമീകരണമുള്ളതും സമീകൃതവുമായ ഭക്ഷണം ,ചിട്ടയായ വ്യായാമം, ദിവസം ആറ് മണിക്കൂറില്‍ കുറയാത്ത വ്യായാമം, റിലാക്സേഷന്‍ വ്യായാമം , ധ്യാനം, യോഗ, സംഗീതം, വന സൗഹൃദക്കൂട്ടായ്മകള്‍ എന്നിവയും സമ്മര്‍ദ്ദം അകന്ന് ആരോഗ്യജീവിതം സാദ്ധ്യമാക്കും. നിവര്‍ന്നിരുന്ന് ഒരു കൈ വയറിലും മറ്റേ കൈ നെഞ്ചിലും വയ്ക്കുക. കണ്ണടച്ച് ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്ക് വിടുക. അഞ്ച് മിനിട്ട് ഇത് ചെയ്യുക. സമ്മര്‍ദ്ദത്തില്‍ നിന്ന് ഓഴിവാകാന്‍ എഴുന്നേറ്റ് അല്‍പ്പനേരം നടക്കുക. ടെന്‍ഷന്‍ ഫ്രീയാകാന്‍ നടത്തം സഹായിക്കും.
*ശുഭദിനം*
അന്നേ ദിവസം ഐന്‍സ്‌ററീന് ധാരാളം പ്രഭാഷണങ്ങളുണ്ടായിരുന്നു. അവസാന പ്രസംഗത്തിനുള്ള സമയമായപ്പോഴേക്കും അദ്ദേഹം നന്നേ ക്ഷീണിച്ചു. ഇത് മനസ്സിലാക്കി ഐന്‍സ്റ്റീന്റെ ഡ്രൈവര്‍ അദ്ദേഹത്തോടുപറഞ്ഞു. ഈ പ്രദേശത്തുള്ള ആളുകള്‍ക്ക് താങ്കളെ അറിയില്ല. നേരിട്ട് കണ്ടിട്ടുപോലുമില്ല. ഇവിടെ താങ്കള്‍ക്ക് പകരം ഞാന്‍ പ്രസംഗിക്കാം. താങ്കളുടെ പ്രഭാഷണങ്ങളെല്ലാം എനിക്ക് മനഃപാഠമാണ്. മനസ്സില്ലാ മനസ്സോടെ അദ്ദേഹം അത് സമ്മതിച്ചു. ഡ്രൈവര്‍ മനോഹരമായി പ്രസംഗിച്ചു. അത് കണ്ട് ഐന്‍സ്റ്റീനുതന്നെ അത്ഭുതം തോന്നി. അപ്പോഴാണ് സദസ്സിലിരുന്ന ഒരാള്‍ അതികഠിനമായ ഒരു ചോദ്യം അയാളോട് ചോദിച്ചത്. ആദ്യം ഡ്രൈവര്‍ ഒന്നുപരുങ്ങിയെങ്കിലും പെട്ടന്നുതന്നെ സമചിത്തത വീണ്ടെടുത്ത് അദ്ദേഹം പറഞ്ഞു: ഇത്രയും നിസ്സാരമായ ചോദ്യത്തിന്റെ ഉത്തരം എന്റെ ഡ്രൈവര്‍ക്ക് പോലുമറിയാം. അയാള്‍ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നതാണ് എന്ന് പറഞ്ഞ് ഐന്‍സ്‌ററീനെ വിളിച്ച് വരുത്തി ഡ്രൈവര്‍ രക്ഷപ്പെട്ടു. ഏറ്റവും അനുയോജ്യമായ അവസരങ്ങളില്‍ എത്ര മികവോടെ പെരുമാറി എന്നതല്ല, ഏറ്റവും പ്രതികൂലമായ സാഹചര്യത്തിലും എത്ര സമചിത്തതയോടെ ഇടപെട്ടു എന്നതിലാണ് ഒരാള്‍ വിലയിരുത്തപ്പെടുന്നത്. പതറാനും പിന്‍വലിയാനുമുള്ള അവസരം എല്ലായ്‌പോഴുമുണ്ട്. എന്നാല്‍ പതറാതെ മുന്നോട്ട് ഓരോ അടിയും വെയ്ക്കുന്നവര്‍ തന്നില്‍ തന്നെയാണ് വിശ്വസിക്കുന്നത്. തിരക്കഥകളിലൂടെ എല്ലാ നിമിഷങ്ങളും മുന്നോട്ട് പോകില്ല. അനിശ്ചിതത്വങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആകസ്മികമായി അകപ്പെട്ടുപോകുന്ന അസുഖകരമായ അനുഭവങ്ങളാണ് നമ്മിലെ യഥാര്‍ത്ഥ ഹീറോയെ പുറത്ത് കൊണ്ടുവരുന്നത്. നമുക്കും പ്രതികൂലസാഹചര്യങ്ങളില്‍ അവസരത്തിനൊത്ത് ഉയരാനുള്ള മനസ്സ് പ്രാപ്യമാകട്ടെ