ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷേപണ അവകാശം സ്വന്തമാക്കി വിയകോം18
ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18. ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണ അവകാശമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വിയകോം18 നേടിയത്. 5966.4 കോടി രൂപയ്ക്കാണ് വിയകോം18 സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്.
അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 88 മത്സരങ്ങള്‍ വിയകോം18 ഈ കാലയളവില്‍ സംപ്രേക്ഷണം ചെയ്യും. ഒരു മത്സരത്തിന് 67.8 കോടി രൂപവെച്ചാണ് കണക്കാക്കിയിരിക്കുന്നത്. 2028 മാര്‍ച്ചിന് കരാര്‍ അവസാനിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാര്‍ സ്ഥിരീകരിച്ചു.
2018ല്‍ ഡിസ്‌നി സ്റ്റാര്‍ 6,138 കോടി രൂപയ്ക്കാണ് സംപ്രേക്ഷണ അവകാശം നേടിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രപിന്തുണച്ചതിന് സ്റ്റാര്‍ ഇന്ത്യയെയും ഡിസ്‌നിയെയും ജയ് ഷ നന്ദി അറിയിക്കുകയും ചെയ്തു.
ടെലിവിഷന്‍ സംപ്രേക്ഷണം സ്‌പോഴ്‌സ് 18നിലും ഡിജിറ്റല്‍ സംപ്രേക്ഷണം ജിയോസിനിമ ആപ്പിലുടെയും നടത്തും. വ്യാഴാഴ്ച നടന്ന സംപ്രേക്ഷണ അവകാശ ലേലത്തില്‍ ഡിസ്‌നി പ്ലസ്, സോണി സ്‌പോഴ്‌സ് എന്നീ കമ്പനിയുടെ ശക്തമായ വെല്ലുവിളിയുണ്ടായിരുന്നെങ്കിലും വിയകോം18 അവകാശം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെയും വനിത പ്രീമിയര്‍ ലീഗിന്റെയും സംപ്രേക്ഷണ അവകാശം വിയകോം18 സ്വന്തമാക്കിയിരുന്നു.