Saturday, April 12, 2025
Sports

അർഷദ് നന്നായെറിഞ്ഞതിൽ സന്തോഷം; ഇന്ത്യയും പാകിസ്താനും ജാവലിനിൽ വളരുകയാണ്: നീരജ് ചോപ്ര

പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റിലെ പരസ്പര വൈരം ജാവലിൻ ത്രോയിൽ ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒളിമ്പിക്സ്, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഒന്നാമതും പാകിസ്താൻ്റെ അർഷദ് നദീം രണ്ടാമതും ഫിനിഷ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്പോർട്സ്മാൻഷിപ്പിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും പാഠങ്ങൾ ഇരുവരും പങ്കുവച്ചത്.

“മത്സരങ്ങൾക്ക് മുൻപ് ഞാനങ്ങനെ ഫോൺ നോക്കാറില്ല. പക്ഷേ, ഈ കളിക്ക് മുൻപ് നോക്കിയപ്പോൾ കണ്ടത്, ഇന്ത്യ – പാകിസ്താൻ മത്സരമന്നതാണ്. പക്ഷേ, യൂറോപ്യൻ താരങ്ങൾ അപകടകാരികളാണ്. എപ്പോൾ വേണമെങ്കിലും ഒരു വലിയ ത്രോ എറിയാൻ അവർക്ക് സാധിക്കും. അർഷാദ് മാത്രമല്ല, യാക്കൂബും ജൂലിയൻ വെബ്ബറുമുണ്ട്. അതുകൊണ്ട്, അവസാന ത്രോ വരെ മറ്റുള്ളവരെപ്പറ്റി ആലോചിക്കണം. അർഷദ് നന്നായി എറിഞ്ഞതിൽ സന്തോഷം തോന്നി. രണ്ട് രാജ്യങ്ങളും ജാവലിനിൽ വളരുകയാണെന്ന് ഞങ്ങൾ സംസാരിച്ചിരുന്നു. നേരത്തെ, അത് യൂറോപ്യൻ രാജ്യങ്ങളായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾ ആ നിലവാരത്തിലെത്തി.”- നീരജ് ചോപ്ര പറഞ്ഞു.

“നീരജും ഞാനും തമ്മിൽ ആരോഗ്യകരമായ മത്സരമാണുള്ളത്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നുണ്ട്. ഇന്ത്യ – പാകിസ്താൻ വൈരമൊന്നും ഞങ്ങൾക്കിടയിലില്ല. ഒരിക്കൽ യൂറോപ്പ് കയ്യടക്കിയിരുന്ന കായികമത്സരങ്ങൾ ഞങ്ങൾ രണ്ടുപേർ ഉയർന്നുവന്നതിൽ സന്തോഷമെന്നാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത്.”- അർഷാദ് നദീം പറഞ്ഞു.

രണ്ടാം സ്ഥാനത്ത് എത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനെയും ഇന്ത്യൻ ദേശീയ പതാകയ്‌ക്കൊപ്പം ചേർത്ത് നിർത്തിയാണ് നീരജ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം എറിഞ്ഞിട്ട ഇന്ത്യൻ താരത്തിന് ലഭിക്കുക വമ്പൻ സമ്മാനത്തുകയാണ്. സ്വർണം നേടിയ നീരജ് ചോപ്രയ്‌ക്ക് ഏകദേശം 58 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.രണ്ടാമതെത്തിയ പാക് താരത്തിന് ഇന്ത്യൻ താരത്തിന് ലഭിക്കുന്നതിന്റെ പകുതിയോളം രൂപ മാത്രമേ ലഭിക്കുകയുള്ളു. ഇത് ഏകദേശം 29 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *