ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്; മറ്റൊരു വൈറ്റ് വാഷിനൊരുങ്ങി രോഹിതും സംഘവും
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 മത്സരം ഇന്ന് ധരംശാലയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെ വൈറ്റ് വാഷ് ചെയ്തതിന് പിന്നാലെ ശ്രീലങ്കക്കെതിരെയും സമ്പൂർണ വിജയം നേടാനാണ് രോഹിതും സംഘവും ഇന്നിറങ്ങുക
ആദ്യ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്നലെ നടന്ന മത്സരത്തിൽ തകർത്തടിച്ചിരുന്നു. നാലാം നമ്പറിൽ സഞ്ജുവിനെ ഇറക്കിയ രോഹിതിന്റെ നീക്കം ഫലം കാണുകയായിരുന്നു. 25 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 39 റൺസാണ് സഞ്ജു അടിച്ചൂകൂട്ടിയത്
തുടക്കത്തിൽ താളം ലഭിക്കാതെ വന്ന സഞ്ജു 13ാം ഓവറിലാണ് കത്തിക്കയറിയത്. മൂന്ന് സിക്‌സും ഒരു ഫോറുമാണ് ഈ ഓവറിൽ അടിച്ചുകൂട്ടിയത്. അവസാന പന്തിൽ പുറത്താകുകയും ചെയ്തു. ശ്രേയസ്സും സഞ്ജുവിന് പിന്നാലെ എത്തിയ ജഡേജയും ചേർന്ന് വിജയം പൂർത്തിയാക്കുകയായിരുന്നു
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 183 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ 17.1 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 44 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം ശ്രേയസ്സ് 74 റൺസുമായും 18 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 45 റൺസുമായി ജഡേജയും പുറത്താകാതെ നിന്നു