ഓസ്ട്രേലിയൻ ഓപ്പൺ: തിരിച്ചുവരവ് കളറാക്കി സാനിയ; ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസ് ഫൈനലിൽ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. അല്പ സമയം മുൻപ് നടന്ന മിക്സഡ് ഡബിൾസ് സെമിഫൈനലിൽ ബ്രിട്ടണിൻ്റെ നീൽ സ്കുപ്‌സ്‌കി-യുഎസ്എയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ ജോഡിയുടെ ത്രസിപ്പിക്കുന്ന ജയം. മത്സരം സൂപ്പർ ടൈ ബ്രേക്കറിലേക്ക് കടന്നെങ്കിലും ഇന്ത്യൻ സഖ്യം വിട്ടുകൊടുത്തില്ല. സ്കോർ 7-6, 6-7 (10-6).
ഈ മാസം 14ന് പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാനത്തെ ഗ്രാൻഡ് സ്ലാം ടൂർണമെന്റാണ് ഓസ്‌ട്രേലിയൻ ഓപ്പൺ. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്. അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.
2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.