ഇന്ത്യ x പാക്- ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ കാത്ത് ലോകം
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ത്രില്ലര്‍. വിരാട് കോലിയുടെ ഇന്ത്യയും ബാബര്‍ ആസമിന്റെ പാകിസ്താനും കൊമ്പുകോര്‍ക്കുമ്പോള്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ടി20 ലോകകപ്പില്‍ നേരത്തേ അഞ്ചു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു. കൂടാതെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കീഴടക്കാന്‍ പാക് പടയ്ക്കായിട്ടില്ല. ഏഴു തവണയാണ് ഇരുടീമുകളും നേരത്തേ മാറ്റുരച്ചിട്ടുള്ളളത്. ഇവയിലെല്ലാം ഇന്ത്യ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.
കോലിക്കു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് കൂടിയാണിത്. 2016ലെ അവസാന ലോകകപ്പില്‍ എംഎസ് ധോണിയായിരുന്നു ടീമിനെ നയിച്ചത്. ഈ ലോകകപ്പിനു ശേഷം ടി20 ഫേര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍സി ഒഴിയുമെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ കിരീടവിജയത്തോടെ പടിയിറങ്ങാനായിരിക്കും കോലിയുടെ ശ്രമം. പാകിസ്താനെതിരേ ജയിച്ചുകൊണ്ട് ടൂര്‍ണമെന്റിനു തുടക്കം കുറിക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം.
രണ്ടു സന്നാഹ മല്‍സരങ്ങളിലും ജയിച്ചാണ് പാകിസ്താനെതിരായ വമ്പന്‍ പോരാട്ടത്തിന് ഇന്ത്യ തയ്യാറെടുത്തത്. ആദ്യം ഇംഗ്ലണ്ടിനെയും പിന്നാലെ ഓസ്‌ട്രേലിയയെയും ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. ഈ മല്‍സരങ്ങളില്‍ നേരത്തേ ഫോമില്‍ അല്ലാതിരുന്നവര്‍ ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീം കോമ്പിനേഷന്റെ കാര്യത്തിലാണ് ഇന്ത്യക്കു ആശയക്കുഴപ്പമുള്ളത്. സൂര്യകുമാര്‍ യാദവ്/ ഇഷാന്‍ കിഷന്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്നതിലാണ് ആദ്യത്തെ കണ്‍ഫ്യൂഷന്‍. രണ്ടു പേരും തകര്‍പ്പന്‍ ഫോമിലാണ്. എങ്കിലും സൂര്യക്കായിരിക്കും നറുക്ക് വീഴുകയെന്നാണ് സൂചനകള്‍. സ്പിന്നര്‍മാരുടെ കാര്യത്തിലും അവ്യക്തതയുണ്ട്. ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവര്‍ തമ്മിലാണ് മല്‍സരം. ഇവരില്‍ ഒരാള്‍ക്കു മാത്രമേ അവസരം ലഭിക്കാനിടയുള്ളൂ. രണ്ടാം സ്പിന്നറുടെ റോള്‍ രവീന്ദ്ര ജഡേജയ്ക്കായിരിക്കും. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാന്‍ സാധ്യതയില്ലാത്തതിനാല്‍ ആറാം ബൗളറുടെ കാര്യത്തിലും വ്യക്തതയില്ല. കോലിയോ, രോഹിത് ശര്‍മയോ ഈ റോള്‍ ഏറ്റെടുത്തേക്കും.
മറുഭാഗത്ത് ഇത്തവണയെങ്കിലും ജയം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍. ഇനിയുമൊരു തോല്‍വി കൂടി പാക് ടീം ആഗ്രഹിക്കുന്നില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ബാബര്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുക്കുകയാണെങ്കില്‍ പാകിസ്താന് പ്രതീക്ഷ്‌ക്കു വകയുണ്ട്. ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ഷഹീന്‍ അഫ്രീഡി എന്നിവരാണ് പാക് ടീമിലെ മറ്റു പ്രധാനപ്പെട്ട താരങ്ങള്‍.
ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
പാകിസ്താന്‍ ലോകകപ്പ് സ്‌ക്വാഡ്
മുഹമ്മദ് റിസ്വാന്‍, ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, സര്‍ഫറാസ് അഹമ്മദ്, മുഹമ്മദ് നവാസ്, ഹൈദര്‍ അലി.