Saturday, April 12, 2025
Sports

ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ സൂപ്പർ പേരാട്ടം: മത്സരം ദുബൈയിൽ

ടി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ ആദ്യ എതിരാളികളായി എത്തുന്നത് ചിരവൈരികളായ പാകിസ്താന്‍. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തിൽ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാൾ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്‌ലിപ്പടയുടെ പ്രതീക്ഷ. രോഹിതും കോഹ്ലിയും രാഹുലും മികച്ച തുടക്കം നൽകണം. പിന്നാലെ കത്തിക്കയറാൻ സൂര്യകുമാർ യാദവും ഋഷഭ് പന്തും ഹർദിക് പാണ്ഡ്യയുമുണ്ട്.

ബുംറയും ശമിയും നയിക്കുന്ന പേസ് നിരയും ശക്തമാണ്. ഇന്ത്യയെ പോലെ രണ്ടാം കിരീടം ലക്ഷ്യമിടുന്ന പാകിസ്താന്റെ പ്രതീക്ഷ ഒരു പിടി യുവതാരങ്ങളിലാണ്. ബാബർ അസമും ഫകർ സമാനും തുടക്കത്തിൽ കത്തിക്കയറും. പിന്നാലെ ഹഫിസും ഷുഹൈബ് മാലിക്കും ഇമാദും. ഷഹീൻ അഫ്രീദിയും ഹസൻ അലിയും ചേരുന്ന പേസ് നിരയെ ഇന്ത്യ കരുതിയിരിക്കണം.

ഇതുവരെ എട്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഏഴ് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ ജയിക്കാന്‍ പാകിസ്താനുമായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണയാണ് രണ്ട് ടീമും ഏറ്റുമുട്ടിയത്. അഞ്ചിലും ജയം ഇന്ത്യക്ക്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *