പരുക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് ആറാഴ്ച്ചത്തെ വിശ്രമം
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് ആറാഴ്ച്ചത്തെ വിശ്രമ നിർദേശിച്ച് ഡോക്ടർമാർ. ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് ഷമിയുടെ കൈക്കുഴയിൽ പൊട്ടൽ ഉണ്ടാകുകയായിരുന്നു.
ഇതോടെ ഫെബ്രുവരിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും ഷമിക്ക് നഷ്ടപ്പെടും. ആറാഴ്ച്ചത്തെ വിശ്രമമാണ് ഷമിക്ക് നിർദേശിച്ചിരിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും ഷമിയുണ്ടാകില്ലെന്നും ബിസിസിഐ അറിയിച്ചു. കൈയിലെ ബാൻഡേജ് മാറ്റിയാൽ ഷമി ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തും. ഇവിടെ നിന്ന് ഫിറ്റ്‌നസ് പാസായാൽ മാത്രമേ ഇന്ത്യൻ ടീമിനൊപ്പം ചേരാനാകൂ
പരുക്കിനെ തുടർന്ന് ഷമി നേരത്തെ ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാകും. ഷമിക്ക് പകരം മുഹമ്മദ് സിറാജാകും രണ്ടാം ടെസ്റ്റിൽ കളിക്കുക. ഫോമിൽ അല്ലാത്ത പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗില്ലിന് അവസരം നൽകിയേക്കും. വൃദ്ധിമാൻ സാഹക്ക് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തുമെന്നുമാണ് റിപ്പോർട്ടുകൾ