Thursday, January 9, 2025
Sports

മിന്നലായി വലൻസിയ; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു.

തുടക്കം മുതലെ മികച്ച കളി പുറത്തെടുക്കാനാണ് ഇക്വഡോർ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായിരുന്നു ​മൂന്നാം മിനിറ്റിൽ ​ഗോളിനായുള്ള ആദ്യ ശ്രമം. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. ​ഗോൾ ആദ്യം അം​ഗീകരിച്ചെങ്കിലും അഞ്ചാം മിനിറ്റിൽ വാർ സിസ്റ്റം വഴിയുള്ള പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തിയതോടെ ​ഗോൾ അല്ലാതെയായി. ഖത്തറിന് അത് ആശ്വാസം നൽകിയെങ്കിലും ഇക്വഡോർ നിരാശരാകാൻ തയ്യാറായില്ല.

16-ാം മിനിറ്റിൽ ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റനെ ഖത്തർ ഗോൾകീപ്പർ അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തി. ഇതോടെ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചു. പെനൽറ്റി എടുത്ത വലൻസിയ അൽ ഷീബിനെ മറികടന്ന് ഖത്തറിന്റെ വല കിലുക്കി.

പിന്നീടങ്ങോട് കളികളത്തിൽ ഇക്വഡോറിന്റെ മേൽകൈ തന്നെയായിരുന്നു കാണാനായത്. 31–ാം മിനിറ്റിൽ ക്യാപറ്റൻ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽനിന്ന് പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഗോൾകീപ്പർ അൽ ഷീബിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയരായ ഖത്തർ കുറച്ചുകൂടി ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ​ഗോൾ നീക്കം സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *