ധോണിപ്പടക്ക് മുന്നിൽ മുംബൈ മുട്ടുകുത്തി; ചെന്നൈ സൂപ്പർ കിംഗ്‌സിന് 20 റൺസിന്റെ ജയം
ഐപിഎല്ലിൽ മുംബൈയെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. യുഎഇയിൽ പുനരാരംഭിച്ച ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 20 റൺസിനാണ് ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളു
ഓപണർ റിതുരാജ് ഗെയ്ക്ക് വാദിന്റെ ഒറ്റയാൾ പ്രകടനമാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാർ പൂജ്യത്തിന് പുറത്തായ ഇന്നിംഗ്‌സിൽ റിതുരാജ് നേടിയത് 58 പന്തിൽ പുറത്താകാതെ 88 റൺസാണ്. 9 ഫോറും നാല് സിക്‌സും സഹിതമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.
ഡുപ്ലസി, മൊയിൻ അലി, അമ്പട്ടി റായിഡു എന്നിവർ പൂജ്യത്തിന് പുറത്തായി. 7 റൺസ് എടുക്കുന്നതിനിടെ ചെന്നൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 24 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകളും വീണ ചെന്നൈയെ ജഡേജയും റിതുരാജും ചേർന്നുള്ള കൂട്ടുകെട്ടാണ് 100 കടത്തിയത്. ജഡേജ 26 റൺസും ബ്രാവോ 23 റൺസുമെടുത്തു. നായകൻ ധോണി 3 റൺസിനും സുരേഷ് റെയ്‌ന 4 റൺസിനും വീണു. മുംബൈക്ക് വേണ്ടി ബോൾട്ട്, ബുമ്ര, ആദം മിലിൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി
മറുപടി ബാറ്റിംഗിൽ മുംബൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. 37 റൺസ് എടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ വീണു. 40 പന്തിൽ 50 റൺസെടുത്ത സൗരഭ് തിവാരി മാത്രമാണ് പിടിച്ചു നിന്നത്. രോഹിതിന്റെ അഭാവത്തിൽ പൊള്ളാർഡാണ് ടീമിനെ നയിച്ചത്. ഡികോക്ക് 17 റൺസും അൻമോൽപ്രീത് സിംഗ് 16 റൺസും പൊള്ളാർഡ് 15 റൺസുമെടുത്തു. ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റും ദീപക് ചാഹർ രണ്ടും ഹേസിൽവുഡ്, ഷാർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി