റൊണാൾഡോ വീണ്ടും പോർച്ചുഗൽ ടീമിൽ; സൂപ്പർ താരത്തിൽ വിശ്വാസം അർപ്പിച്ച് പുതിയ പരിശീലകൻ
ലോകഫുട്ബോളിലെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ലിച്ച്ടെൻസ്റ്റെയിനും ലക്സംബർഗിനും എതിരായ യൂറോ കപ്പ് 2024 യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയത്. 2022 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ പരിശീലനായിരുന്ന ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന്, ആ സ്ഥാനത്തേക്കാണ് മുൻ ബെൽജിയം പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനെസ് സ്ഥാനമേൽക്കുന്നത്. റോബർട്ടോ മാർട്ടിനെസ് പോർച്ചുഗൽ പരിശീലകനായ ശേഷം പ്രഖ്യാപിക്കുന്ന ആദ്യ സ്‌ക്വാഡ് ആണ് ഇന്നലെ പുറത്തു വന്നത്.
ടീം പ്രഖ്യാപിക്കുന്നതിന് മുൻപ് പരിശീലകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചർച്ച നടത്തിയിരുന്നു. ടീമിനെ ദേശീയ ടീമിലേക്ക് വിളിക്കുന്ന പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനെ സാമ്പത്തികമായി സഹായിക്കുമെന്നാണ് വിലയിരുത്തൽ. റൊണാൾഡോയെ കൂടാതെ, മുതിർന്ന താരമായ പെപ്പയെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. റാഫേൽ ലിയോ, ജാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളും സ്‌ക്വാഡിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
നിലവിൽ സൗദി അറേബ്യയിൽ പ്രൊ ലീഗ് ക്ലബ് അൽ നാസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏഴ് കളികളിൽ രണ്ട് ഹാട്രിക്കുകൾ അടക്കം എട്ട് ഗോളുകൾ താരം ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ലീഗിൽ അത് ഇത്തിഹാദിനോട് തോറ്റ അൽ നാസർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു.