ഐ.സി.സി ലോകഇലവനിൽ ഇന്ത്യൻ താരങ്ങളാരുമില്ല; ബാബർ അസം ക്യാപ്റ്റൻ
ടി20 ലോകകപ്പിന് ശേഷം ഐ.സി.സി തിരഞ്ഞെടുത്ത ലോകഇലവനിൽ ഇന്ത്യൻ താരങ്ങളാരുമില്ല. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാക്കിസ്താൻ നായകൻ ബാബർ അസമാണ് ഇലവൻ ക്യാപ്റ്റൻ. ന്യൂസിലാൻഡിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ആസ്‌ത്രേലിയ ലോകചാമ്പ്യരായ ശേഷമാണ് ഐ.സി.സി ലോകഇലവൻ പുറത്തുവിട്ടത്. 12ാമനടക്കം ആറു ടീമുകളിൽ നിന്നുള്ള താരങ്ങളാണ് ഇലവനിൽ ഇടംപിടിച്ചത്.
ടൂർണമെൻറിന്റെ താരമായ ആസ്‌ത്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ടീം ഓപ്പണറാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ വിക്കറ്റ് കീപ്പർ ബാറ്ററായും ടീമിലെ സഹതാരം മുഈൻ അലി ആറാം നമ്പർ ബാറ്ററായും ടീമിലുണ്ട്. ക്യാപ്റ്റർ ബാബർ അസമിന് വൺഡൗൺ ബാറ്ററായാണ് ഇടം നൽകിയിരിക്കുന്നത്. ശ്രീലങ്കയുടെ ചരിത് അസലങ്കയും ദക്ഷിണാഫ്രിക്കയുടെ എയ്‌ഡെൻ മാർക്രമും നാലും അഞ്ചും സ്ഥാനങ്ങളിലെ ബാറ്റർമാരായി ടീമിൽ ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ മൂഈൻ അലിക്ക് പുറമേ രണ്ടു സ്പിന്നർമാർ ടീമിലുണ്ട്. ശ്രീലങ്കയുടെ വാനിഡു ഹസരംഗ(16 വിക്കറ്റ്), ആസ്‌ത്രേലിയയുടെ ആദം സാംപ(13 വിക്കറ്റ്) എന്നിവരാണ് ലോകടീമിലുള്ളത്. സൂപ്പർ 12 ൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഹാട്രിക്കടക്കം ടൂർണമെൻറിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ ഹസരംഗയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള കളിയിൽ അവസാന ഓവറിലായിരുന്നു ശ്രീലങ്കയുടെ പരാജയം.