ഐപിഎല്‍; കോഹ്‌ലിപട ഒരുങ്ങിതന്നെ; സണ്‍റൈസേഴ്‌സിനെയും മറികടന്നു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്‌സിനെതിരേ ആറ് റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. 150 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 143 റണ്‍സില്‍ ബാംഗ്ലൂര്‍ പിടിച്ചുകെട്ടി. ഒമ്പത് വിക്കറ്റാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (54), മനീഷ് പാണ്ഡെയും (38) ഫോമിലായിട്ടും സണ്‍റൈസേഴ്‌സിന് രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു വിധി. 17 റണ്‍സെടുത്ത് റാഷിദ് ഖാന്‍ അവസാന ഓവറില്‍ പൊരുതിയെങ്കിലും സിറാജ് താരത്തെ റണ്ണൗട്ടാക്കി. ഷഹബാസ് അഹ്മദിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് റോയല്‍സിന് ഇന്ന് തുണയായത്.രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്റെ നേട്ടം. മനീഷ് പാണ്ഡെ, ബെയര്‍സ്റ്റോ (12), ഫാറൂഖ് (0) എന്നിവരുടെ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷഹബാസ് ഹര്‍ഷല്‍ പട്ടേലിന്റ പന്തില്‍ നദീമിനെ ക്യാച്ചെടുത്ത് പുറത്താക്കുകയും ചെയ്തു. പട്ടേലും സിറാജും രണ്ട് വീതം വിക്കറ്റ് നേടി.
ടോസ് നേടിയ സണ്‍റൈസേഴ്‌സ് ആര്‍സിബിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂരിന് 149 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആര്‍സിബി നിരയില്‍ 59 റണ്‍സ് നേടിയ മാക്‌സ്വല്‍ ആണ് ടോപ് സ്‌കോറര്‍. കോഹ്‌ലി 33 റണ്‍സെടുത്ത് പുറത്തായത് ഒഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ എല്ലാം ഇന്ന് ഫ്‌ളോപ്പായിരുന്നു. ദേവ്ദത്ത് പടിക്കല്‍ 11 റണ്‍സെടുത്ത് പുറത്തായി. ഷഹബാസ് അഹമ്മദ്(14), ഡിവില്ലിയേഴ്‌സ് (1), വാഷിങ്ടണ്‍ സുന്ദര്‍ (8), ക്രിസ്റ്റ്യയ്ന്‍ (1), ജാമിസണ്‍ (12) എന്നിവര്‍ക്കാര്‍ക്കും ഫോം കണ്ടെത്താനായില്ല. ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, ഷഹബാസ് നദീം, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.