Wednesday, January 8, 2025
Sports

കലാശക്കൊട്ടിന് മുംബൈയും ഡല്‍ഹിയും; ബാറ്റിങ് തിരഞ്ഞെടുത്ത് ശ്രേയസ് അയ്യര്‍

 

ദുബായ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റു ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റു ചെയ്യാനാണ് തീരുമാനിച്ചത്. ഡല്‍ഹി ടീമില്‍ മാറ്റങ്ങളില്ല. രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമിനെത്തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് അണിനിരത്തുന്നു. മറുഭാഗത്ത് മുംബൈ ടീമില്‍ ഒരു മാറ്റമുണ്ട്. രാഹുല്‍ ചഹറിന് പകരം ജയന്ത് യാദവ് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തി.

ഒന്നരമാസക്കാലത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരായിരിക്കും ഇത്തവണ ഐപിഎല്‍ ചാംപ്യന്‍മാര്‍ — മുംബൈ ഇന്ത്യന്‍സോ ഡല്‍ഹി ക്യാപിറ്റല്‍സോ? അഞ്ചാം കിരീടമാണ് മുംബൈയുടെ ലക്ഷ്യം. മറുഭാഗത്ത് കന്നിക്കിരീടം തേടി ഡല്‍ഹിയും പടയ്‌ക്കൊരുങ്ങുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹി ഫ്രാഞ്ചൈസി ഫൈനലിലെത്തുന്നത്. ഇത്തവണ ടൂര്‍ണമെന്റില്‍ മൂന്നുതവണ മാറ്റുരച്ചപ്പോഴും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഫൈനലില്‍ കരുതിയിരുന്നോളൂ എന്ന മുന്നറിയിപ്പ് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് മുംബൈ ക്യാംപിന് നല്‍കിയിട്ടുണ്ട്. എന്തായാലും വലിയ വേദിയില്‍ ശ്രേയസ് അയ്യറും സംഘവും എങ്ങനെ കളിക്കുമെന്ന് വൈകാതെ കണ്ടറിയാം.

മികച്ച തുടക്കവുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിന്റെ ആദ്യ പകുതി പിന്നിട്ടത്. പ്ലേ ഓഫിലേക്ക് ടീം അനായാസം കടക്കുമെന്ന പ്രതീതിയും ആരാധകര്‍ക്കുണ്ടായി. എന്നാല്‍ പടിക്കലേറ്റ തുടരെയുള്ള തോല്‍വികള്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രവേശനം വൈകിപ്പിച്ചു. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ ഡല്‍ഹി ഏറ്റവുമൊടുവില്‍ ബാംഗ്ലൂരിനോട് ജയിച്ചാണ് പ്ലേ ഓഫില്‍ രണ്ടാം സ്ഥാനക്കാരായി കയറിയത്. ഒന്നാം ക്വാളിഫയറില്‍ മുംബൈയോടേറ്റ ദാരുണമായ തോല്‍വിക്കുള്ള പകരംവീട്ടല്‍ കൂടി ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി കാത്തുവെച്ചേക്കാം. ശിഖര്‍ ധവാന്‍ – മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യത്തെയായിരിക്കും മുംബൈയ്ക്ക് എതിരെ ഡല്‍ഹി ആദ്യം പറഞ്ഞുവിടുക. ഇരുവരുടെ ഫോം ഡല്‍ഹിയുടെ പോരാട്ടവീര്യം കൂട്ടുന്നു.

 

മധ്യനിരയില്‍ റിഷഭ് പന്ത്, ഷിമറോണ്‍ ഹെറ്റ്മയര്‍, അജിങ്ക്യ രഹാനെ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡല്‍ഹിക്ക് ആശങ്ക മുഴുവന്‍. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഗീസോ റബാദയും ആന്റിച്ച് നോര്‍ക്കിയയും ഡല്‍ഹിയുടെ കുന്തമുനയാകും. സ്പിന്‍ നിരയില്‍ അശ്വിനായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഒപ്പം അക്‌സര്‍ പട്ടേലിനെയും ടീം ആശ്രയിക്കും. മുംബൈയുടെ കാര്യമെടുത്താല്‍, രോഹിത് ശര്‍മയുടെ ഫോം മാത്രമാണ് ടീമിന്റെ ഏക തലവേദന. ബാക്കിയെല്ലാവരും മിന്നും ഫോമിലാണ്. മുന്‍നിരയില്‍ ക്വിന്റണ്‍ ഡികോക്കും ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും കത്തിക്കയറിയാല്‍ മുംബൈയെ പിടിച്ചാല്‍ കിട്ടില്ല. ഫിനിഷര്‍ റോളില്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും കടന്നുവരുന്നതോടെ ഏതു സ്‌കോറും മുംബൈ പിന്നിടും. ജസ്പ്രീത് ബുംറ – ട്രെന്‍ഡ് ബൗള്‍ട്ട് സഖ്യത്തെ നേരിടുന്നതായിരിക്കും ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ക്ക് മുന്നിലുള്ള ആദ്യ കടമ്പ. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി പതറിയതും ഇവര്‍ക്ക് മുന്നില്‍ത്തന്നെ. എന്തായാലും ഐപിഎല്‍ കീരീടം ആര് നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍.

Leave a Reply

Your email address will not be published. Required fields are marked *