ജോവാൻ ഗാംപർ ട്രോഫി ബാഴ്‌സലോണയ്ക്ക്
കറ്റലോണിയ: സൂപ്പർ താരം ലയണൽ മെസിയുടെ പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ജോവാൻ ഗാംപർ ട്രോഫിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ കീഴടക്കിയത്. മെംഫിസ് ഡെപെയ്, മാർട്ടിൻ ബ്രാത്ത്വെയ്റ്റ്, റിക്വി പുയിഗ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറർമാർ.
മൂന്നാം മിനിറ്റിൽ തന്നെ മെംഫിസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. യൂസഫ് ഡെമിറാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഇരു ടീമിനും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല. 45-ാം മിനിറ്റിൽ സൂപ്പർതാരം റൊണാൾഡോയെ സബ്സ്റ്റിറ്റ്യുട്ട് ചെയ്തത് യുവന്റസിന് തിരിച്ചടിയായി. 57-ാം മിനിറ്റിൽ മാർട്ടിൻ ബ്രാത്ത്വെയ്റ്റ് ബാഴ്‌സയുടെ ലീഡ് ഉയർത്തി.
മത്സരത്തിന്റെ അധിക സമയത്ത് യുവന്റസിന്റെ തോൽവി പൂർണമാക്കിക്കൊണ്ട് റിക്വി പുയിഗ് ബാഴ്‌സയുടെ മൂന്നാം ഗോൾ നേടി. മികച്ച മുന്നേറ്റത്തിനൊടുവിലാണ് യുവതാരത്തിന്റെ മനോഹര ഗോൾ പിറന്നത്. മെസിയുടെ അഭാവം മുന്നേറ്റ നിര അറിയിച്ചില്ലെങ്കിലും ബാഴ്‌സ പ്രതിരോധം പലപ്പോഴും വിള്ളലുകൾ വീണുകൊണ്ടിരുന്നു.