തലകുനിച്ച് ബ്ലാസ്റ്റേഴ്‌സ്; എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം
ഐഎസ്എല്‍ ഏഴാം പതിപ്പിലെ ആദ്യജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഒരിക്കല്‍ക്കൂടി ബ്ലാസ്റ്റേഴ്‌സ് തലകുനിച്ചു മടങ്ങി. എഫ്‌സി ഗോവയ്ക്ക് എതിരെ കിബു വികുനയുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വമ്പന്‍ തോല്‍വിയാണ് ഞായറാഴ്ച്ച ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എഫ്‌സി ഗോവ മഞ്ഞപ്പടയെ തകര്‍ത്തു.
ജോര്‍ജി ഓര്‍ടിസ് മെന്‍ഡോസയും (52′) ഇഗോര്‍ ആംഗുലോയും (30′, 90+4′) ഗോവയ്ക്കായി ഗോള്‍ കണ്ടെത്തിയപ്പോള്‍ വിസെന്റെ ഗോമസിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍. മത്സരത്തില്‍ ഗോവയാണ് മുഴുനീളം അധിപത്യം പുലര്‍ത്തിയത്. ആദ്യ പകുതിയില്‍ത്തന്നെ ആതിഥേയര്‍ ലീഡ് കണ്ടെത്തി.
ആല്‍ബിനോ ഗോമസിനെ കാഴ്ച്ചക്കാരനാക്കിയാണ് ആംഗുലോ ആദ്യ ഗോള്‍ കുറിച്ചത്. തലയ്ക്ക് മുകളിലൂടെ ‘ചിപ്പ്’ ചെയ്യപ്പെട്ട പന്തിനെ നിസഹായനായി നോക്കിനിന്നു ഗോമസ്. 52 ആം മിനിറ്റിലും വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുങ്ങി. ബ്രാന്റണ്‍ ഫെര്‍നാണ്ടസിന്റെ ‘റിവേഴ്‌സ്’ പാസില്‍ ജോര്‍ജി മെന്‍ഡോസ അതിമനോഹരമായ ഗോളടിക്കുകയായിരുന്നു. ഷോട്ട് പ്രതിരോധിക്കാന്‍ കോസ്റ്റ നമോനെസു ശ്രമിച്ചെങ്കിലും നടന്നില്ല. ആല്‍ബിനോ ഗോമസിനും പന്തിനെ തടുക്കാനായില്ല.
മത്സരം ഏറെക്കുറെ നഷ്ടപ്പെട്ടെന്നു കരുതിനില്‍ക്കവെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വീര്യം തൊട്ടുണര്‍ത്തി വിസെന്റെ ഗോമസിന്റെ തകര്‍പ്പന്‍ ഹെഡര്‍. 90 ആം മിനിറ്റില്‍ വലതു വിങ്ങില്‍ നിന്നും നിഷു കുമാര്‍ നല്‍കിയ ക്രോസിനെ കൃത്യമായി വലയ്ക്കുള്ളിലാക്കാന്‍ വിസെന്റെ ഗോമസിന് സാധിച്ചു. അവസാനനിമിഷത്തെ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് പിന്നാലെ ഇറങ്ങിപ്പുറപ്പെട്ടു.
എന്നാല്‍ തൊട്ടടുത്ത നിമിഷം കോസ്റ്റ നമോനെസു ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത തിരിച്ചടിയായി. ഇന്‍ജുറി ടൈമില്‍ പത്തു പേരെയും വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടിയത്. ഇതിനിടെ ആല്‍ബിനോ ഗോമസിന്റെ പിഴവില്‍ വീണുകിട്ടിയ അവസരം ആംഗുലോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി പൂര്‍ണമായി.
ആംഗുലോ തൊട്ടടുത്ത് നില്‍ക്കെ കയ്യില്‍ കിട്ടിയ പന്തിനെ ലോങ് കിക്കിനായി മൈതാനത്ത് തിരിച്ചിടുകയായിരുന്നു ആല്‍ബിനോ. കിട്ടിയ അസുലഭമായ അവസരം ആംഗുലോ റാഞ്ചി. പന്തിനെ തട്ടിയെടുത്ത താരം ഗോമസിന് ഒരവസരം പോലും നല്‍കാതെ വലയ്ക്കുള്ളിലാക്കി. സീസണില്‍ ആദ്യ ജയമാണ് എഫ്‌സി ഗോവയുടേത്. നാലു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി ഗോവ അഞ്ചാം സ്ഥാനത്താണ്. മറുഭാഗത്ത് രണ്ടു തോല്‍വിയും രണ്ടു സമനിലയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനം അലങ്കരിക്കുന്നു.