അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സെഞ്ചുറി നേടി അപരാജിതരായി നിന്ന ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.
റൂട്ട് 173 പന്തുകളില്‍ നിന്ന് 19 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 142 റണ്‍സെടുത്തും ബെയര്‍സ്‌റ്റോ 145 പന്തുകളില്‍ നിന്ന് 15 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 114 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി. ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ചു. 2007-ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരം ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ചാം ടെസ്റ്റില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യയ്ക്ക് പരമ്പര നേടാമായിരുന്നു.