പൊങ്കാലയ്ക്ക് മാപ്പ് ; ഷറപ്പോവയ്ക്ക് മലയാളികളുടെ നന്ദി അഭിഷേകം
സച്ചിന്റെ ട്വീറ്റിന് പിന്നാലെ ടെന്നിസ് താരം മരിയാ ഷറപ്പോവയോട് മാപ്പ് ചോദിച്ച് മലയാളികൾ. അന്ന് പറഞ്ഞതൊന്നും മനസ്സിൽ വയ്ക്കരുത് , നല്ല് മാത്രമേ വരൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തിനാണ് ഇപ്പോൾ ഒരു ക്ഷമാപണം എന്ന് ചിന്തിക്കുന്നവർ കുറച്ച് വർഷങ്ങൾ പുറകോട്ട് ചിന്തിക്കണം. കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം പിന്നോട്ട്…!
2014 ലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആരാണ് സച്ചിൻ തെൻഡുൽക്കർ എന്ന വിവാദ ചോദ്യം മരിയാ ഷറപ്പോവ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ മരിയാ ഷറപ്പോവയുടെ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിൽ ഫാൻസിന്റെ ആക്രമണം തുടങ്ങി. തുടർന്ന് ആരാണ് മരിയാ ഷരപ്പോവ എന്ന ഹാഷ്ടാഗ് വരെ ട്രെൻഡിംഗായി.
ഇന്ന് കഥമാറി. ചീത്തവിളിയും പൊങ്കാലയും സച്ചിന്റെ സോഷ്യൽ മീഡിയ പേജിലാണ്. പോപ് ഗായിക റിഹാന അടക്കം അന്തർദേശിയ തലത്തിൽ പ്രശസ്തരായവർ കർഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിമർശിച്ചുകൊണ്ടുള്ള സച്ചിന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് ഫാൻസ് കളം മാറ്റിചവിട്ടിയത്.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും, ബാഹ്യശക്തികൾ ഈ വിഷയത്തിൽ പങ്കെടുക്കാതെ കാഴ്ച്ചക്കാരായി നിന്നാൽ മതിയെന്നും, ഇന്ത്യക്കാർക്ക് ഇന്ത്യക്കാരെ അറിയാമെന്നും ഇന്ത്യയ്ക്കായി തീരുമാനമെടുക്കുമെന്നുമായിരുന്നു ട്വീറ്റ്.
സച്ചിന്റെ ഈ നിലപാടിൽ അതൃപ്തി അറിയിച്ച ഫാൻസ് പണ്ട് സച്ചിന് വേണ്ടി മരിയാ ഷറപ്പോവയെ ചീത്ത വിളിച്ചതിൽ ഇന്ന് ഘേദിക്കുകയാണ്.
ഈ ഘേദപ്രകടനവും മാപ്പപേക്ഷയുമാണ് ഷറപ്പോവയുടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.