പഞ്ചാബിനു പിന്നാലെ രാജസ്ഥാനും പുറത്ത്; കെകെആറിന് ഉജ്ജ്വല ജയം: പ്ലേഓഫ് സാധ്യത
ദുബായ്: ഐപിഎല്ലില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിനു പിന്നാലെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും പുറത്ത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന രാജസ്ഥാന്‍ 60 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്ലേഓഫിലെത്തുമോയെന്നറിയാന്‍ അവര്‍ക്കു ഇനിയുള്ള മല്‍സരഫലങ്ങളറിയാന്‍ കാത്തിരിക്കണം. ഈ വിജയത്തോടെ നേരത്തേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന കെകെആര്‍ ഒറ്റയടിക്കു നാലാംസ്ഥാനത്തേക്കു കയറി.
തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ റണ്‍ ചേസ് നടത്തി തകര്‍പ്പന്‍ ജയം കൊയ്ത രാജസ്ഥാന് പക്ഷെ കെകെആറിനെതിരേ ഇതാവര്‍ത്തിക്കാനായില്ല. അവര്‍ നല്‍കിയ 192 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒമ്പതു വിക്കറ്റിനു 131 റണ്‍സില്‍ രാജസ്ഥാന്റെ മറുപടി അവസാനിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത കെകെആര്‍ ബൗളര്‍മാര്‍ രാജസ്ഥാനെ ഒരു ഘട്ടത്തിലും കളിയിലേക്കു തിരിച്ചുവരാന്‍ അനുവദിച്ചില്ല.
ജോസ് ബട്‌ലര്‍ (35), രാഹുല്‍ തെവാത്തിയ (31), ശ്രേയസ് ഗോപാല്‍ (), ബെന്‍ സ്റ്റോക്‌സ് (18) എന്നിവര്‍ മാത്രമേ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം തികച്ചുള്ളൂ. റോബിന്‍ ഉത്തപ്പ (6), നായകന്‍ സ്റ്റീവ് സ്മിത്ത് (4), മലയാളി താരം സഞ്ജു സാംസണ്‍ (1), റിയാന്‍ പരാഗ് (0), ജോഫ്ര ആര്‍ച്ചര്‍ (6), കാര്‍ത്തിക് ത്യാഗി (2) എന്നിവരെല്ലാം പെട്ടെന്നു മടങ്ങി. നാലോവറില്‍ 34 റണ്‍സിന് നാലു വിക്കറ്റെടുത്ത ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് രാജസ്ഥാനെ തകര്‍ത്തത്. ശിവം മാവിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതമെടുത്തു.