കോവിഡ് വ്യാപനം രൂക്ഷം; മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ജനുവരി ഏഴ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഗ്രേയ്റ്റര്‍ മുംബൈ പൊലീസ് കമ്മീഷണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് പ്രകാരം പുതുവര്‍ഷ ആഘോഷ പരിപാടികളോ കൂടിചേരലുകളോ അനുവദിക്കില്ല. ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ബാര്‍, പബ്, റിസോര്‍ട്ട്, ക്ലബ് എന്നിങ്ങനെ അടച്ചിട്ടതും തുറന്നതുമായ ഒരു സ്ഥലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉത്തരവ് പ്രകാരം അനുവാദമില്ല.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സെക്ഷന്‍ 188 പ്രകാരം പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ഡിസംബര്‍ 24ന് ബ്രിഹന്‍ മുംബൈ മുന്‍സിപല്‍ കോര്‍പ്പറേഷനും പുതുവര്‍ഷ ആഘോഷ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ബുധനാഴ്ച്ചയിലെ കണക്കുകള്‍ പ്രകാരം മുംബൈയില്‍ 2510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ചയിലെ കണക്കില്‍ നിന്നും 82 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് കോവിഡ് കണക്കുകളില്‍ കാണിക്കുന്നത്. ഇതില്‍ 84 കേസുകള്‍ ഒമിക്രോണ്‍ രോഗത്തിന്‍റെ സ്ഥിരീകരണമാണ്.