2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ നിര്‍മിക്കും; ജി-20യില്‍ മോദി
റോം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 2022ൽ ഇന്ത്യ അഞ്ച് ബില്ല്യണ്‍ (500 കോടി) ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലോകത്തിന് വേണ്ടി നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഉച്ചകോടിയിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോട് ഇന്ത്യയ്ക്കുള്ള കടമയെ ഗൗരവമായാണ് കാണുന്നതെന്നും മോദി പറഞ്ഞു.
ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഭാവിയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാന്‍ ഈ കാഴ്ചപ്പാട് ലോകത്തിന് കരുത്താകും. ലോകത്തിന്‍റെ ഫാര്‍മസിയായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 150ലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നു നല്‍കുന്നു. വാക്സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും മോദി പറഞ്ഞു.
ലോകത്തിലെ ആറിലൊന്ന് ജനങ്ങളും ഇന്ത്യയിലാണ്. ഇന്ത്യയില്‍ കോവിഡ് നിയന്ത്രിച്ച് നിര്‍ത്തിയതിലൂടെ ലോകത്തെ തന്നെയാണ് സുരക്ഷിതമാക്കിയത്. കൂടുതല്‍ ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതയും ഒഴിവാക്കി -മോദി പറഞ്ഞു.
യു.എസ് പ്രസിഡന്‍റ് ജോ ബൈഡര്‍ അടക്കമുള്ള ലോക നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും.