പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കശ്മീരില്‍ തട്ടിപ്പ്; ഗുജറാത്ത് സ്വദേശിക്ക് ജാമ്യം
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഗുജറാത്ത് സ്വദേശിക്ക് ജാമ്യം അനുവദിച്ച് ശ്രീനഗര്‍ കോടതി. ഇസഡ് പ്ലസ് സുരക്ഷയില്‍ കശ്മീരിലെ അതീവസുരക്ഷാ മേഖലയില്‍ അടക്കം കറങ്ങിനടന്ന അഹമ്മദാബാദ് സ്വദേശി കിരണ്‍ഭായ് പട്ടേലിനാണ് ജാമ്യം ലഭിച്ചത്. ബുള്ളറ്റ് പ്രൂഫ് കാറിലായിരുന്നു പ്രതിയുടെ കറക്കം. പ്രധാനമന്ത്രി കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ എന്നവകാശപ്പെട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും അതേ തുകയില്‍ രണ്ട് ആള്‍ജാമ്യത്തിലുമാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് കിരണ്‍ ഭായി പട്ടേല്‍ അറസ്റ്റിലാകുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് വ്യാജ രേഖകള്‍ ചമച്ച് കശ്മീരിലെ അതീവസുരക്ഷാ മേഖലകളില്‍ അടക്കം ഇയാള്‍ കറങ്ങിനടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും വിഡിയോകളും പുറത്തുവന്നതോടെയാണ് ആള്‍മാറാട്ടം പുറത്തായത്.
ശ്രീനഗറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് പ്രതി അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജ അഡ്രസില്‍ മൂന്ന് തവണയാണ് ഇയാള്‍ ജമ്മുകശ്മീരില്‍ എത്തിയത്. ഒടുവില്‍ മൂന്നാം തവണ പിടിയിലാകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രതിക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം ഒരുക്കിയതും കാവല്‍ ഏര്‍പ്പെടുത്തിയതും.