Monday, April 14, 2025
National

അമൃത് പാൽ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റിൽ

അമൃത് പാൽ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റിലായി. ലുധിയാനയിലെ സോണിവാളിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാളിലൂടെ അമൃത് പാൽ സിംഗിനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഉള്ളത്.

അമർനാഥ് സിംഗിനെ മറ്റിടങ്ങളിൽ ഒക്കെ തന്നെ കണ്ണുവെട്ടിച്ചു കൊണ്ട് രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണെന്നാണ് വിവരം. അതുകൊണ്ടുതന്നെ ജോഗാ സിംഗിന്റെ ഫോണ് പഞ്ചാബ് പോലീസ് നിരന്തരമായി ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് ലുധിയാനയിൽ വെച്ച് ജോഗാ സിംഗിനെ പിടികൂടാൻ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പഞ്ചാബിൽ നിന്ന് ഒളിച്ചോടിയ ശേഷം പല സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ നാല് ദിവസമായി ആ അമൃത് പാൽ സിംഗ് പഞ്ചാബിൽ ഉണ്ടെന്ന വിവരമാണ് പൊലീസിനുള്ളത്. അതുകൊണ്ടു തന്നെ ഈ ഒരു അന്വേഷണത്തിനായി അറസ്റ്റ് വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് പൊലീസുള്ളത്. തിരച്ചിൽ ശക്തമായി തന്നെ തുടരുകയാണ്.

താൻ രാജ്യം വിട്ട് ഓടിപ്പോയവരിൽ ഒരാളല്ല എന്ന് അമൃത് പാൽ സിംഗ് കഴിഞ്ഞ ദിവസം വിഡിയോ പുറത്തിറക്കിയിരുന്നു. ഉടൻ തന്നെ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും വീഡിയോയിൽ പറയുന്നു.

‘രാജ്യം വിട്ട് ഓടിപ്പോയവരിൽ ഒരാളല്ല ഞാൻ, വിമതനാണ്, ഞാൻ ഓടിപ്പോയിട്ടില്ല, ഞാൻ ഉടൻ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടും, ഞാൻ ഭയപ്പെടുന്നില്ല. സർക്കാർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. എൻ്റെ വഴിയിൽ നിറയെ മുള്ളുകളുണ്ട്‌, വീട്ടുകാർ പേടിക്കേണ്ട..’- അമൃത്പാൽ സിംഗ് പറയുന്നു.

പാക്കിസ്താനോട് ചേർന്നുള്ള പത്താൻകോട്ടിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശ്രീ ഹർമന്ദിർ സാഹിബ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആരാധനാലയങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഹോഷിയാർപൂരിൽ ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *