മഹാവ്യാധിക്ക് ഒരാണ്ട്; ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് ഇന്ത്യയിൽ 2019 ജനുവരി 30ന് കേരളത്തിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. വുഹാനിൽ നിന്നുമെത്തിയ തൃശ്ശൂർ സ്വദേശനിയായ മെഡിക്കൽ വിദ്യാർഥിനിക്കായിരുന്നു രോഗം
പിന്നാലെ വുഹാനിൽ നിന്ന് വന്ന രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാർച്ചിൽ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിന് പിന്നാലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും രോഗം സ്ഥിരീകരിച്ച് തുടങ്ങിയതോടെ രാജ്യം വിറങ്ങലിച്ചു
മാർച്ചിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതിന് മുമ്പ് തന്നെ ലോക്ക് ഡൗണും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും കേരളത്തിൽ പരിചിതമായി തുടങ്ങിയിരുന്നു. മെയ് മുതലാണ് ലോക്ക് ഡൗണിൽ ഇളവുകൾ വന്നത്. പക്ഷേ രോവ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയായിരുന്നു
നിലവിൽ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും സംസ്ഥാനത്ത് രോഗത്തിന്റെ തോത് ഉയർന്ന് തന്നെ നിൽക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ആദ്യഘട്ടങ്ങളിൽ കൊവിഡിനെ പിടിച്ചുകെട്ടിയ കേരളത്തിന് ആഗോള തലത്തിൽ തന്നെ പ്രശംസ ലഭിച്ചിരുന്നു. ജനുവരിയോടെ വാക്‌സിൻ ഉപയോഗം ആരംഭിച്ചതോടെ കൊവിഡിനെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ