Thursday, January 9, 2025
National

കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവര്‍ കുറവ് കേരളത്തില്‍; കൂടുതല്‍ മധ്യപ്രദേശില്‍: ഐസിഎംആര്‍ സര്‍വേ

ന്യൂഡല്‍ഹി: പ്രതിരോധ വാക്‌സിനേഷന്‍ മുഖേനയോ രോഗം വന്നത് മൂലമോ കൊവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സര്‍വേ റിപോര്‍ട്ട്. കേരളത്തില്‍ 44.4 ശതമാനമാണ് ‘സീറോ പോസിറ്റീവ്’ ആയവര്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ സിറോ പോസിറ്റീവാണ്. 21 സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. സര്‍വേ നടത്തിയ 11 സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വൈറസിനെതിരേ ആന്റിബോഡികള്‍ വികസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ജൂണ്‍ 14 നും ജൂലൈ 6 നും ഇടയിലാണ് ഐസിഎംആര്‍ സീറോ സര്‍വേ നടത്തിയത്.

ദേശീയതലത്തില്‍ 67.6 ശതമാനം പേരില്‍ കൊവിഡിന്റെ ആന്റിബോഡി ഉള്ളതായി കഴിഞ്ഞയാഴ്ച ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. അസമിലെ സീറോ പോസിറ്റീവ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസിഎംആര്‍ നടത്തിയ ദേശീയ സീറോ സര്‍വേയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ബുധനാഴ്ചയാണ് പുറത്തുവിട്ടത്.

രാജസ്ഥാന്‍- 76.2, ബിഹാര്‍- 75.9, ഗുജറാത്ത്- 75.3, ഛത്തീസ്ഗഢ്- 74.6, ഉത്തരാഖണ്ഡ്- 73.1, ഉത്തര്‍പ്രദേശ്- 71, ആന്ധ്രാപ്രദേശ്- 70.2, കര്‍ണാടക- 69.8, തമിഴ്‌നാട്- 69.2, ഒഡീഷ- 68.1, പഞ്ചാബ്- 66.5, തെലങ്കാന- 63.1, ജമ്മു കശ്മീര്‍- 63, ഹിമാചല്‍പ്രദേശ്- 62, ജാര്‍ഖണ്ഡ്- 61.2, പശ്ചിമബംഗാള്‍- 60.9, ഹരിയാന- 60.1, മഹാരാഷ്ട്ര- 58, അസം- 50.3, കേരളം- 44.4 എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.

ദേശീയതലത്തില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഐസിഎംആറുമായി സഹകരിച്ച് ജില്ലാതല സര്‍വേകള്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കൊവിഡുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠവും സുതാര്യവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ പൊതുജനാരോഗ്യപ്രതികരണത്തെ നയിക്കാന്‍ അത്തരം സീറോ സര്‍വേകളുടെ കണ്ടെത്തലുകള്‍ സംസ്ഥാനങ്ങള്‍ക്ക് വേഗത്തില്‍ ഉപയോഗപ്പെടുത്താം. ദേശീയ തലത്തില്‍ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനാണ് ഐസിഎംആര്‍ ദേശീയ തലത്തില്‍ സീറോ സര്‍വേ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *