24 മണിക്കൂറിനിടെ 77,266 പേർക്ക് കൂടി കൊവിഡ്; രോഗവ്യാപനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 77,266 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയിൽ പ്രതിദിന വർധനവ് 75,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 33.87 ലക്ഷം കടന്നു.
ദിനംപ്രതിയുള്ള വർധനവിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ ഇന്നലെ 46,286 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലും ഇന്ത്യയെ അപേക്ഷിച്ച് രോഗവ്യാപനം കുറയുകയാണ്. എന്നാൽ ഇന്ത്യ ശക്തമായി പിടിച്ചു നിൽക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങൾക്കപ്പുറം രൂക്ഷമാണ് രാജ്യത്തെ സ്ഥിതി
1057 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 61,529 ആയി ഉയർന്നു. 7,42,023 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 76.28 ശതമാനമാണ് രോഗമുക്തി നിരക്ക്. 25.83 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിൽ 7.34 ലക്ഷം പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14,857 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നലെ 5981 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.